ആയുഷ് ഡോക്ടർക്കുള്ള നിയമന ഉത്തരവ് കൈമാറുന്നതിനിടെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഒരു യുവതിയുടെ ഹിജാബ് വലിച്ചുമാറ്റിയതായി ആരോപണം. ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.
പാറ്റ്‌ന: ആയുഷ് ഡോക്ടർക്കുള്ള നിയമന ഉത്തരവ് കൈമാറുന്നതിനിടെ, യുവതിയുടെ ഹിജാബ് വലിച്ചു മാറ്റിയ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിവാദത്തിൽ. നിയമന ഉത്തരവ് കൈമാറിയ ശേഷം, മുഖ്യമന്ത്രി യുവതിയുടെ ശിരോവസ്ത്രത്തിലേക്ക് ആംഗ്യം കാണിക്കുകയും അതിനെക്കുറിച്ച് ചോദിക്കുകയും അത് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്ത ശേഷം സ്വയം അത് നീക്കം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ആർജെഡി, കോൺഗ്രസ് പാർട്ടികൾ തങ്ങളുടെ എക്സ് ഹാൻഡിലുകൾ വഴി പങ്കുവെച്ചു. പ്രതിപക്ഷം നിതീഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
ആർജെഡിയുടെ പ്രതികരണം
"നിതീഷ് ജിക്ക് എന്ത് പറ്റി? അദ്ദേഹത്തിന്‍റെ മാനസികാവസ്ഥ പൂർണ്ണമായും ദയനീയമായ അവസ്ഥയിൽ എത്തിയോ, അതോ നിതീഷ് ബാബു ഇപ്പോൾ 100 ശതമാനം സംഘിയായി മാറിയോ?" ആർജെഡി എക്സ് അക്കൗണ്ടിൽ കുറിച്ചു.
കോൺഗ്രസിന്‍റെ പ്രതികരണം
"ഇതാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അദ്ദേഹത്തിന്‍റെ നാണംകെട്ട പ്രവർത്തി നോക്കൂ. ഒരു വനിതാ ഡോക്ടർ നിയമന ഉത്തരവ് വാങ്ങാൻ വന്നപ്പോൾ നിതീഷ് കുമാർ അവരുടെ ഹിജാബ് വലിച്ചു നീക്കി. ബീഹാറിലെ ഏറ്റവും ഉയർന്ന പദവി വഹിക്കുന്ന വ്യക്തി പരസ്യമായി ഇത്തരം ഹീനമായ പ്രവൃത്തികൾ ചെയ്യുന്നു. സംസ്ഥാനത്ത് സ്ത്രീകൾ എത്രത്തോളം സുരക്ഷിതരായിരിക്കും എന്ന് ചിന്തിച്ചു നോക്കൂ? ഈ മോശമായ പ്രവൃത്തിക്ക് നിതീഷ് കുമാർ ഉടൻ രാജിവെക്കണം. ഈ അശ്ലീലം ക്ഷമിക്കാൻ കഴിയാത്തതാണ്" കോൺഗ്രസ് എക്സ് അക്കൗണ്ടിൽ വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചു.


