ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടന്ന ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ. പൗരത്വ നിയമ ഭേദഗതിയില്‍ വിദ്യാര്‍ത്ഥികള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും പൊലീസ് ബലം പ്രയോഗിക്കാന്‍ നിര്‍ബന്ധിതരായെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ദില്ലിയില്‍ നടന്ന റാലിയില്‍ അമിത് ഷാ വ്യക്തമാക്കിയതിന് പിന്നാലെയാണ് ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചത്.

തൊട്ടടുത്തുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം ഉറപ്പാക്കുന്നതിനാണ് പൗരത്വ നിയമഭേദഗതി കൊണ്ടുവന്നതെന്ന് ആയിരുന്നു ദില്ലിയിലെ റാലിയില്‍ അമിത് ഷാ വിശദീകരിച്ചത്. ''എന്തൊക്കെ വന്നാലും അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കിട്ടുന്നത് സർക്കാർ ഉറപ്പാക്കും. ഇവർ ഇന്ത്യക്കാരായി മാനത്തോടെ ജീവിക്കുമെന്ന് ഉറപ്പാക്കും. സമരം ചെയ്യുന്ന മുസ്ലിം സഹോദരൻമാരോടും സഹോദരിമാരോടും വിദ്യാർത്ഥികളോടും എനിക്ക് ഒന്നേ പറയാനുള്ളൂ. ഇതിലൂടെ ആരുടെയും ഇന്ത്യൻ പൗരത്വം നഷ്ടമാകില്ല. നിയമത്തിന്‍റെ പൂർണരൂപം സർക്കാർ വെബ്സൈറ്റിലുണ്ട്. ഇത് എല്ലാവർക്കും വായിക്കാവുന്നതാണ്. സബ്കാ സാഥ്, സബ്കാ വികാസ് എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. ആരോടും ഞങ്ങൾ അനീതി കാട്ടില്ല". ജനങ്ങളിൽ ഭീതി പടർത്തുന്നത് കോൺഗ്രസ് ആണെന്നും അമിത് ഷാ ദില്ലിയില്‍ നടന്ന റാലിയില്‍ വ്യക്തമാക്കിയിരുന്നു. 

നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ജാർഖണ്ഡിൽ നടത്തിയ റാലിയിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ കോൺഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു. ''എല്ലാ പാകിസ്ഥാനികൾക്കും പൗരത്വം കൊടുക്കാൻ നിങ്ങൾ തയ്യാറാകുമോ, അതിനുള്ള ധൈര്യമുണ്ടോ കോൺഗ്രസുകാർക്ക്'' എന്നായിരുന്നു മോദിയുടെ ചോദ്യം.

Read Also: 'എന്ത് വന്നാലും...', പൗരത്വ നിയമഭേദഗതി നടപ്പാക്കുമെന്ന് അമിത് ഷാ...