ദില്ലി: ദില്ലി സംഘര്‍ഷത്തില്‍ ഇന്നലെ കൊല്ലപ്പെട്ട പൊലീസ് ഹെഡ് കോണ്‍സ്‍റ്റബിള്‍ രത്തന്‍ ലാലിന്‍റെ മരണത്തില്‍ അനുശോചിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അനുശോചനം രേഖപ്പെടുത്തി രത്തൻ ലാലിന്‍റെ  ഭാര്യയ്ക്ക്  അമിത് ഷാ കത്തയയ്ക്കുകയായിരുന്നു. ഭർത്താവിന്‍റെ മരണത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നെന്നാണ് കത്തിലുള്ളത്. ഇന്നലെയാണ് ദില്ലി ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻലാല്‍ കൊല്ലപ്പെട്ടത്. കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു മരണം. 

കലാപ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. ആവശ്യത്തിന് സേനയെ കലാപബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അമിത് ഷാ പറയുന്നു. എന്നാല്‍ ദില്ലിയില്‍  കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ പത്തായി. കൂടുതൽ ഇടങ്ങളിലേക്ക് കലാപം പടരുകയാണ്. അക്രമികളുടെ നിയന്ത്രണത്തിലാണ് പ്രധാന പാതകൾ പലതും. 

Read More: ആളിക്കത്തി ദില്ലി, വര്‍ഗ്ഗീയമായി പോരടിച്ച് ജനം, കാഴ്ചക്കാരായി പൊലീസ്...