ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധങ്ങളെ പരിഹസിച്ച് അമിത് ഷാ. ദില്ലിയിലെ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യാസഖ്യത്തിലെ വിവിധ പാർട്ടികളിൽ ഒന്നാകെ പരിശ്രമിച്ചിട്ടും 8,000 പേരെ മാത്രമാണ് എത്തിക്കാനായതെന്നും പരിഹസിച്ചു
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ പേരിൽ ഇന്ത്യാസഖ്യത്തിനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ വിജയം ചൂണ്ടിക്കാണിച്ച അമിത് ഷാ, ജനങ്ങൾ ഇന്ത്യാസഖ്യത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞതായി അഭിപ്രായപ്പെട്ടു. ദില്ലിയിലെ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യാസഖ്യത്തിലെ വിവിധ പാർട്ടികളിൽ ഒന്നാകെ പരിശ്രമിച്ചിട്ടും 8,000 പേരെ മാത്രമാണ് എത്തിക്കാനായതെന്നും ഷാ പരിഹസിച്ചു. ഒന്നര കിലോമീറ്റർ മാത്രം നീളുന്ന റോഡ് ഷോകൾ രാജ്യത്തെ ജനങ്ങളുടെ പൊതുശബ്ദമാകില്ലെന്നും ഷാ വിമർശിച്ചു. നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടവകാശം ഉറപ്പാക്കാനാണ് രാഹുൽ ഗാന്ധി കള്ളങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കുറ്റപ്പെടുത്തിയ ആഭ്യന്തര മന്ത്രി, 2029 ലെ പൊതുതെരഞ്ഞെടുപ്പിലും കോൺഗ്രസിനെ ജനം നിരാകരിക്കുമെന്നും കൂട്ടിച്ചേർത്തു.
പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യം
അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ സഖ്യം നേതാക്കളുടെ തീരുമാനമായി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. എത്രയൊക്കെ ബാരിക്കേഡുകൾ തീർത്തും സമരങ്ങൾ അടിച്ചമർത്താൻ നോക്കിയാലും ലക്ഷ്യം കാണുന്നതുവരെ പോരാട്ടം തുടരുമെന്ന് യോഗത്തിന് ശേഷം നേതാക്കൾ സംയുക്തമായി പ്രഖ്യാപിച്ചു. സമാന്തര പ്രക്ഷോഭങ്ങളല്ല നടക്കുന്നതെന്നും, ജനാധിപത്യം തിരിച്ചുപിടിക്കുന്നതിനുള്ള ഒരൊറ്റ ലക്ഷ്യത്തോടെയുള്ള പ്രതിഷേധമാണിതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ജന്തർ മന്ദറിനെ സമരവേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടിയെ നേതാക്കൾ രൂക്ഷമായി വിമർശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഹൈജാക്ക് ചെയ്തവർക്കെതിരായ ജനവികാരമാണ് ദില്ലിയിൽ കണ്ടതെന്ന് ആർ ജെ ഡി നേതാവ് തേജസ്വി യാദവ്, ശിവസേന നേതാവ് സഞ്ജയ് റാവത്ത് തുടങ്ങിയവർ ചൂണ്ടിക്കാട്ടി. അടുത്ത സമരപരിപാടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അറിയിച്ചു.
സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, സി പി ഐ നേതാവ് ഡി രാജ, എൻ സി പി നേതാവ് സുപ്രിയ സുലെ, തൃണമൂൽ കോൺഗ്രസ് എം പി സാഗരിക ഘോഷ്, ഐസ പ്രതിനിധി നേഹ ബോറ തുടങ്ങി വിവിധ കക്ഷി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കും എസ് ഐ ആർ നടപടികൾക്കുമെതിരെയുള്ള പോരാട്ടത്തിൽ കർഷക സംഘടനകളും തൊഴിലാളി യൂണിയനുകളും വിദ്യാർത്ഥികളും അണിനിരക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. സുപ്രീം കോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും മേൽ പൂർണ്ണ വിശ്വാസമുണ്ടെന്നും നീതിന്യായ വ്യവസ്ഥയിലൂടെയും ശക്തമായ രാഷ്ട്രീയ പ്രതിരോധത്തിലൂടെയും മുന്നോട്ട് പോകുമെന്നും ഇന്ത്യ സഖ്യം വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരെ ഭരണഘടനാപരമായ എല്ലാ വഴികളിലൂടെയും സമ്മർദ്ദം തുടരുമെന്നും പ്രക്ഷോഭങ്ങൾ രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്നും നേതാക്കൾ ആവർത്തിച്ചു.

