മുംബൈ: ദേശീയവിഷയങ്ങളെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളാക്കി വോട്ടുപിടിക്കാനാണ് മഹാരാഷ്ട്രയില്‍ ബിജെപി ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്‍റെയും എന്‍സിപിയുടെയും  നിലപാടുകൾ ദേശവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് റാലിയിൽ ആഞ്ഞടിച്ചു. എന്നാൽ, രാജ്യസുരക്ഷയെപ്പറ്റി സംസാരിക്കുന്നവർ റാഫേൽ വിമാനത്തില്‍ പൂജ നടത്തിയത്  പുതിയ ട്രക്ക് വാങ്ങിയത് പോലെയാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പരിഹസിച്ചു.

സർജിക്കൽ സ്ട്രൈക്കിന് തെളിവ് ചോദിക്കുന്നവരാണ് കോൺഗ്രസും എൻസിപിയും. ഇതുതന്നെയാണ് പാക്കിസ്ഥാനും ചെയ്യുന്നതെന്ന് അമിത് ഷാ വിമര്‍ശിച്ചു. യുപിഎ ഭരണകാലത്ത് തീവ്രവാദികൾ ഇന്ത്യയിലേക്ക് യഥേഷ്ടം നുഴഞ്ഞ് കയറി. എന്നാൽ, ഒന്നിന് പത്തെന്ന നിലയിൽ തിരിച്ചടിക്കുന്ന സർക്കാരാണിത്. കശ്മീരിന്‍റെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞതിനെ എന്തിനാണ് എതിർക്കുന്നതെന്ന് കോൺഗ്രസും എൻസിപിയും ജനങ്ങളോട് മറുപടി പറയണമെന്നും അമിത് ഷാ പറഞ്ഞു. 

Read Also: 'ഓരോ ഇന്ത്യന്‍ സൈനികന്‍റെയും ജീവന് പകരം 10 ശത്രുക്കളെ വധിക്കാന്‍ നമുക്കാകും': അമിത് ഷാ

 രാജ്യസുരക്ഷയെപ്പറ്റി വാചാലരാവുന്നവർ റഫാല്‍ ഫൈറ്റർ വിമാനത്തോട് ചെയ്തത് കടന്നുപോയെന്ന് ശരദ് പവാർ പരിഹസിച്ചു. പുതിയ ട്രക്ക് വാങ്ങിയാൽ നാരങ്ങമാല ചാർത്തുന്നതു പോലെയാണ് പ്രതിരോധമന്ത്രി  പൂജ നടത്തിയതെന്ന് പവാർ പറഞ്ഞു. റഫാലിലെ പൂജ  നല്ല തമാശയാണെന്ന്  മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഗാർഗേയും നേരത്തെ പരിഹസിച്ചിരുന്നു.

അതേസമയം, സഖ്യത്തിലില്ലെങ്കിലും  രാജ് താക്കറെയുടെ നവനിർമ്മാൺ സേനയ്ക്കൊപ്പം ഒരുമിച്ച് പ്രചാരണം നടത്തുമെന്ന് എൻസിപി നേതാവ് അജിത് പവാർ പറഞ്ഞു. നേരത്തെ പരസ്പരം മത്സരിക്കാതെ ഇരുപാർട്ടികളും സ്ഥാനാർഥികളെ പലയിടങ്ങളിലും പിൻവലിച്ചിരുന്നു.ബിജെപി ശിവസേന മുന്നണിയുടെ വോട്ട്ബാങ്കിൽ കടന്ന് കയറാൻ ഇതിലൂടെ സാധിക്കുമെന്ന നിരീക്ഷണമാണ് ഈ നീക്കത്തിന് പിന്നിലുള്ളത്.

Read Also: കോണ്‍ഗ്രസ് ആത്മപരിശോധന നടത്തേണ്ടത് അത്യാവശ്യമെന്ന് ജ്യോതിരാദിത്യ സിന്ധ്യ