ദില്ലി: ദില്ലി കലാപത്തിനുത്തരവാദികളായവർ ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരാണെങ്കിലും വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിച്ച് സർക്കാർ മാതൃക കാട്ടുമെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

കലാപവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടിയിട്ടില്ല. എഴുനൂറിലധികം എഫ്ഐആറുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. കലാപകാരികളുടെ ദൃശ്യങ്ങൾ സൂക്ഷ്പരിശോധന നടത്തുന്നു.1922 പേരെ തിരിച്ചറിഞ്ഞു. കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

ദില്ലി കലാപം 36 മണിക്കൂറിനുള്ളില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്ന് ഇന്നലെ ലോക്സഭയില്‍ അമിത് ഷാ അവകാശപ്പെട്ടിരുന്നു. കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായി. ദില്ലിയിലെ 206 പൊലീസ് സ്റ്റേഷനുകളില്‍ 13 ഇടങ്ങളില്‍ മാത്രമാണ് അക്രമം നടന്നത്. മറ്റു സ്ഥലങ്ങളില്‍ അക്രമത്തിനുള്ള ശ്രമം തടയാന്‍ പൊലീസിന് കഴിഞ്ഞു. ഡോണള്‍ഡ് ട്രംപിന്‍റെ പരിപാടിക്ക് പോകാതെ താന്‍ കലാപം നിയന്ത്രിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു. 

Read Also: ദില്ലി കലാപം: പൊലീസിന് അഭിനന്ദനം, കലാപം നിയന്ത്രിക്കാൻ നേരിട്ട് ശ്രമിച്ചുവെന്നും അമിത് ഷാ

ദില്ലി കത്തിയെരിയുമ്പോള്‍ അമിത് ഷാ എവിടെയായിരുന്നെന്ന് കോണ്‍ഗ്രസ് ഇന്നലെ ചോദിച്ചിരുന്നു. എന്തുകൊണ്ട് അമിത് ഷായും പ്രധാനമന്ത്രിയും കലാപം നടന്ന സ്ഥലങ്ങളില്‍ പോയില്ല. അമിത് ഷാ നീറോ ചക്രവര്‍ത്തിയെപ്പോലെയാണ്. അമിത് ഷായെ പുറത്താക്കി ദില്ലി കലാപത്തില്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ്  ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടിരുന്നു. 

Read Also: അമിത് ഷാ 'നീറോ ചക്രവര്‍ത്തി'യെന്ന് കോണ്‍ഗ്രസ്; ദില്ലി കലാപത്തില്‍ ലോക്സഭയില്‍ ചര്‍ച്ച,ബഹളം