പ്രസം​ഗം തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴാണ് സമീപത്തെ പള്ളിയിൽ നിന്ന് വാങ്കുവിളി ഉയർന്നത്. ഈ സമയം പള്ളിയിൽ എന്തെങ്കിലും നടക്കുന്നുണ്ടോയെന്ന് അമിത് ഷാ വേദിയിലിരുന്നവരോട് ചോദിച്ചു.

ബാരാമുള്ള: പ്രസം​ഗത്തിനിടെ പള്ളിയിൽനിന്ന് വാങ്കുവിളി ഉയർന്നപ്പോൾ പ്രസം​ഗം നിർത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നടന്ന റാലിക്കിടെയാണ് സംഭവം. അമിത് ഷായുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. നോർത്ത് കാശ്മീർ ജില്ലയിലെ ഷൗക്കത്ത് അലി സ്റ്റേഡിയത്തിൽ അര മണിക്കൂർ നീണ്ട പ്രസംഗത്തിനിടെയാണ് സംഭവം.

പ്രസം​ഗം തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴാണ് സമീപത്തെ പള്ളിയിൽ നിന്ന് വാങ്കുവിളി ഉയർന്നത്. ഈ സമയം പള്ളിയിൽ എന്തെങ്കിലും നടക്കുന്നുണ്ടോയെന്ന് അമിത് ഷാ വേദിയിലിരുന്നവരോട് ചോദിച്ചു. വാങ്കുവിളിക്കുന്നുണ്ടെന്ന് വേദിയിലുള്ളവർ പറഞ്ഞപ്പോൾ അമിത് ഷാ പ്രസംഗം നിർത്തി. അമിത് ഷായുടെ നടപടിയെ വൻ കരഘോഷത്തോടെയാണ് വേദി സ്വീകരിച്ചത്. വാങ്കുവിളി നിർത്തിയെന്നും പ്രസംഗം തുടരാമോ എന്നും അമിത് ഷാ സദസ്സിനോട് ചോദിച്ചു. സദസ് അതെ എന്നുപറഞ്ഞതിന് ശേഷമാണ് പ്രസം​ഗം വീണ്ടും ആരംഭിച്ചത്.

Scroll to load tweet…

വലിയ ജനക്കൂട്ടമാണ് അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാനെത്തിയത്. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) സഹമന്ത്രി ജിതേന്ദർ സിംഗും സമ്മേളനത്തിൽ പങ്കെടുത്തു. 

Scroll to load tweet…

കശ്മീരിലെ വികസനം മന്ദഗതിയിലായതിന് കാരണം 'അബ്ദുള്ളകളും മുഫ്തികളും നെഹ്‌റു-ഗാന്ധി' കുടുംബവുമാണെന്നാണ് അമിത് ഷാ ആരോപിച്ചിരുന്നു. കശ്മീര്‍ ജനതയ്ക്ക് വേണ്ടി അവര്‍ ഒന്നും ചെയ്തില്ല. അഴിമതിയും ദുര്‍ഭരണവും വികസനമില്ലായ്മയുമാണ് ഇക്കൂട്ടരുടെ മുഖമുദ്രയെന്നും അമിത് ഷാ വിമർശിച്ചു. ജമ്മു കശ്മീരിൽ നിന്ന് തീവ്രവാദത്തെ പൂര്‍ണമായും തുടച്ചുനീക്കും. രാജ്യത്തെ ഏറ്റവും സമാധാനമുള്ള സ്ഥലമാക്കി അവിടം മാറ്റും. ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ഒരു ചർച്ചയ്ക്കും ഇന്ത്യ തയ്യാറല്ല. കശ്മീരിൽ കാര്യങ്ങൾ മാറുകയാണ്. പുതിയ നിക്ഷേപങ്ങൾ ഇവിടേക്ക് എത്തുകയാണ്. കശ്മീരിൽ ടൂറിസം രം​ഗത്ത് കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് ഉടനെന്നും അമിത് ഷാ പറഞ്ഞു.

കശ്മീർ വികസനം മന്ദ​ഗതിയിലായതിൽ ​ഗാന്ധി കുടുംബത്തിന് പങ്ക്; മുഫ്തികളും അബ്ദുള്ളകളും കുറ്റക്കാരെന്നും അമിത് ഷാ