ദില്ലി: കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ കൊവിഡ് മുക്തി നേടിയതായി റിപ്പോ‍ർട്ട്. അവസാനം നടത്തിയ കൊവിഡ് പരിശോധനയിൽ അമിത് ഷായുടെ ഫലം നെ​ഗറ്റീവായെന്ന വിവരം പുറത്തു വിട്ടത് ബിജെപി നേതാവും എംപിയുമായ മനോജ് തിവാരിയാണ്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറായിട്ടില്ല. ഇതുവരെ പരിശോധന നടന്നില്ലെന്ന് ഒരു ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഒരാഴ്ച മുൻപാണ് അമിത് ഷാ കൊവിഡ് പോസിറ്റീവായത്. താനുമായി സമ്പ‍ർക്കത്തിൽ വന്നവരെല്ലാം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ​ദില്ലി അതി‍ർത്തിയോട് ചേ‍ർന്ന് ​ഗുരു​ഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് അമിത് ഷായെ പ്രവേശിപ്പിച്ചത്. 

55-കാരനായ അമിത് ഷാ പ്രമേഹരോ​ഗി കൂടിയായതിനാൽ അദ്ദേഹത്തിന് ക‍ർശന നിരീക്ഷണമാണ് ആശുപത്രിയിൽ ഏ‍ർപ്പെടുത്തിയത്. കൊവിഡ് പോസിറ്റീവാക്കുന്നതിന് മുൻപ് അദ്ദേഹം കേന്ദ്രമന്ത്രിസഭായോ​ഗത്തിൽ പങ്കെടുത്തത് ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ക‍ർശന കൊവിഡ് മാനദണ്ഡം പാലിച്ചാണ് കേന്ദ്രമന്ത്രിസഭായോ​ഗം ചേ‍ർന്നതെന്നും അതിനാൽ ആശങ്കയ്ക്ക് വകയില്ലെന്നും കേന്ദ്രസ‍ർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.