രാജ്യത്തെ ലഹരി ശൃംഖലകളെ പൂർണ്ണമായി തകർക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ 'നാർക്കോട്ടിക് കൺട്രോൾ വിഷൻ ഡോക്യുമെന്റ് (2026-2029)' എന്ന പേരിൽ പുതിയ കർമപദ്ധതിക്ക് രൂപം നൽകി. പദ്ധതിയുടെ ഭാഗമായി ജില്ലാതല നിരീക്ഷണം, കുറ്റവാളികൾക്കായി ഡിജിറ്റൽ ഡാറ്റാബേസ്, കൂടുതൽ എൻ.ഡി.പി.എസ് പ്രത്യേക കോടതികൾ എന്നിവ സ്ഥാപിക്കും

ദില്ലി: രാജ്യത്തെ ലഹരി മരുന്ന് ശൃംഖലകളെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ. കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷൻ തൂഫാൻ എന്ന് പേരിട്ട മയക്കുമരുന്ന് വേട്ടയുടെ വിപുലമായ പദ്ധതിയാണ് കേന്ദ്രം നടപ്പാക്കുന്നത്. ലഹരിവിരുദ്ധ പോരാട്ടങ്ങൾ ശക്തമാക്കുന്നതിനായി തയ്യാറാക്കിയ 'നാർക്കോട്ടിക് കൺട്രോൾ വിഷൻ ഡോക്യുമെന്റ് (2026-2029)' നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തിന് സമർപ്പിക്കും. അടുത്ത മൂന്ന് വർഷത്തേക്കുള്ള കൃത്യമായ ലക്ഷ്യങ്ങളും സമയപരിധികളും നിശ്ചയിച്ചുകൊണ്ടുള്ളതാണ് ഈ കർമപദ്ധതി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പദ്ധതിയുടെ തുടക്കമെന്നോണം നാളെ രാജ്യവ്യാപകമായി പിടിച്ചെടുത്ത വലിയൊരു അളവ് ലഹരിമരുന്ന് നശിപ്പിച്ചു കളയും. വിവിധ ഏജൻസികൾ പിടികൂടിയ ഏകദേശം 6,000 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് നാളെ ഒറ്റയടിക്ക് നശിപ്പിക്കുന്നത്. ലഹരി മാഫിയകൾക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ ശക്തമായ മുന്നറിയിപ്പായിരിക്കും ഈ നടപടി. ലഹരി കടത്തും വിപണനവും തടയുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. ഓരോ പ്രദേശത്തെയും പ്രധാന ലഹരി സംഘങ്ങളെ കണ്ടെത്തി ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്. 

ലഹരിക്കേസുകളിൽ ഉൾപ്പെടുന്ന കുറ്റവാളികളെ കൃത്യമായി നിരീക്ഷിക്കുന്നതിനായി രാജ്യവ്യാപകമായി ഒരു പുതിയ ഡിജിറ്റൽ ഡാറ്റാബേസ് തയ്യാറാക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ എല്ലാ സംസ്ഥാന ഇന്റലിജൻസ് ബ്യൂറോകളിലും പ്രത്യേക വിഭാഗം രൂപീകരിക്കും. ഇതോടൊപ്പം, ലഹരിമരുന്ന് കേസുകളിൽ കർശനവും വേഗത്തിലുള്ളതുമായ ശിക്ഷ ഉറപ്പാക്കാൻ രാജ്യത്തുടനീളം കൂടുതൽ എൻ.ഡി.പി.എസ് പ്രത്യേക കോടതികൾ സ്ഥാപിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.