ദില്ലി: രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമുള്ള കാബിനറ്റ് യോഗത്തില്‍ സാമൂഹിക അകലം പാലിച്ച് പ്രധാനമന്ത്രിയും അം​ഗങ്ങളും. പ്രധാനമന്ത്രിയുടെ ഓദ്യോ​ഗിക വസതിയിൽ വച്ചാണ് സമ്മേളനം നടന്നത്. സാമൂഹിക മാധ്യമങ്ങളിൽ മോദിയും മറ്റ് മന്ത്രിമാരും കൃത്യമായ സാമൂഹിക അകലം പാലിച്ച് ഇരിക്കുന്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷാ തന്റെ ട്വീറ്റിലൂടെ ചിത്രം പുറത്ത് വിട്ടിരുന്നു. 

അടുത്ത മൂന്ന് ആഴ്ചകൾക്കുള്ളിൽ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങുന്ന കാര്യം മറന്നേക്കുക എന്നാണ് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപന വേളയിൽ മോദി അറിയിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ കണ്ണി മുറിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണെന്നും മോദി ഓർമ്മപ്പെടുത്തി. ലോകത്തെമ്പാടുമുള്ള പതിനാലായിരത്തിലധികം ജനങ്ങളുടെ ജീവനപഹരിച്ച വൈറസ് ശൃംഖലയെ തകർക്കാൻ ഈ കാലയളവ് അത്യാവശ്യമാണ്. സാമൂഹിക അകലമാണ് വൈറസ് വ്യാപനം തടയാനുള്ള ഏറ്റവും മികച്ച മാർ​ഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'സാമൂഹിക അകലമാണ് ഇന്ന് ഏറ്റവും അത്യാവശ്യം. ഞങ്ങളത് ഉറപ്പാക്കുന്നു, നിങ്ങളോ?' എന്നാണ് അമിത് ഷാ ട്വീറ്റിനൊപ്പം കുറിച്ചിരിക്കുന്നത്. വീഡിയോ കോൾ വഴി യോഗം നടത്താമെന്ന ചർച്ച ഉയർന്നു വന്നങ്കിലും പിന്നീട് നിശ്ചിത അകലത്തിൽ ഇരിപ്പിടത്തിൽ ക്രമീകരണം വരുത്താമെന്നും തീരുമാനിച്ചു. ഇന്ത്യയിൽ 530 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.