Asianet News MalayalamAsianet News Malayalam

ബംഗാൾ പിടിക്കാൻ നീക്കം ശക്തമാക്കി അമിത് ഷാ; മോദിയുടെ റാലികൾ അടുത്ത മാസം മുതൽ

തൃണമൂൽ വിട്ട സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ സിപിഎം, കോണ്‍ഗ്രസ് അംഗങ്ങൾ ഉൾപ്പടെ ഒമ്പത് സിറ്റിംഗ് എം.എൽ.എമാരും ഒരു തൃണമൂൽ എം.പിയും മുൻ എം.പിയും ബി.ജെ.പിയിൽ ചേര്‍ന്നു.

amith sha in bengal
Author
Kolkata, First Published Dec 19, 2020, 6:27 PM IST

കൊൽക്കത്ത: ബംഗാൾ പിടിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി അമിത്ഷാ. അമിത്ഷാ നടത്തിയ മിഡ്നാപ്പൂരിലെ റാലിയിൽ തൃണമൂൽ വിട്ട സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ സിപിഎം, കോണ്‍ഗ്രസ് അംഗങ്ങൾ ഉൾപ്പടെ ഒമ്പത് സിറ്റിംഗ് എം.എൽ.എമാരും ഒരു തൃണമൂൽ എം.പിയും മുൻ എം.പിയും ബി.ജെ.പിയിൽ ചേര്‍ന്നു. ഇരുനൂറിലധികം സീറ്റുകൾ നേടി പശ്ചിമബംഗാളിൽ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത്ഷാ വ്യക്തമാക്കി. 

ഇതൊരു തുടക്കം മാത്രമാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ തൃണമൂൽ കോണ്‍ഗ്രസിൽ മമത മാത്രമെ അവശേഷിക്കൂ. 2021ൽ ബംഗാൾ ഭരിക്കുക ബിജെപി മുഖ്യയായിരിക്കും. സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ്, സിപിഎം, തൃണമൂൽ കോണ്‍ഗ്രസ് പാര്‍ടികളിലെ നല്ല നേതാക്കൾ ബി.ജെ.പിയിൽ എത്തിയിരിക്കുകയാണ്. ചെവി തുറന്ന് മമത കേൾക്കണം, ഇരുനൂറിലധികം സീറ്റുകൾ നേടി ബി.ജെ.പി അധികാരത്തിൽ വരാൻ പോവുകയാണ് - അമിത് ഷാ പറഞ്ഞു. 

നന്ദീഗ്രം മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച പ്രമുഖ തൃണമൂൽ നേതാവും മമതയുടെ വിശ്വസ്തനുമായിരുന്ന സുവേന്ദു അധികാരിയെ പാര്‍ട്ടിയിൽ എത്തിക്കുക വഴി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നിര്‍ണായക ചുവടുവയ്പ്പാണ് ബിജെപി നടത്തിയത്. 200 സീറ്റ് ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന ബി.ജെ.പിക്ക്  വലിയ നേട്ടമാണ് ജനകീയ നേതാവായ സുവേന്ദു അധികാരിയുടെ വരവോടെ ലഭിക്കുന്നത്. 

മിഡ്നാപ്പൂര്‍ റാലിയിൽ അമിത്ഷായിൽ നിന്ന് ബി.ജെ.പി അംഗത്വം  സ്വീകരിച്ച സുവേന്ദു അധികാരി മമത ബാനര്‍ജി ബംഗാളിനെ തകര്‍ത്തുവെന്ന് ആരോപിച്ചു. സുവേന്ദു അധികാരിക്കൊപ്പം തൃണൂൽ എം.പി സുനിൽ മണ്ഡൽ, സിപിഎമ്മിൽ നിന്ന് രാജിവെച്ച തഹസ്വി മണ്ഡലൽ, ഫോര്‍വേഡ് ബ്ളോക്ക് അംഗം, രണ്ട് കോണ്‍ഗ്രസ് എം.എൽഎമാര് ഉൾപ്പടെ അമ്പതോളം നേതാക്കളാണ് ഇന്ന് ബി.ജെ.പിയിൽ ചേര്‍ന്നത്. 

കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുമ്പോൾ ഒരു കര്‍ഷക കുടുംബത്തിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചായിരുന്നു അമിത്ഷായുടെ മിഡ്നാപ്പൂര്‍ റാലി. ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ഷാ രണ്ടാമത് ബംഗാളിലെത്തുമ്പോൾ വലിയ പിളര്‍പ്പ് തന്നെയാണ് തൃണമൂൽ കോണ്‍ഗ്രസിൽ ഉണ്ടാക്കിയിരിക്കുന്നത്. ജനുവരി മുതൽ മോദിയുടെ റാലികളും ബംഗാളിൽ തുടങ്ങും. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പ് ആരവത്തിലേക്ക് ബംഹാൾ എത്തും. 

Follow Us:
Download App:
  • android
  • ios