കാര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കം ആരാധനാലയം ആക്രമിക്കുന്ന അവസ്ഥയിലെത്തുകയായിരുന്നു. 

ദില്ലി: ദില്ലിയിലെ ചാന്ദിനി ചൗക്കിന് സമീപം വര്‍ഗ്ഗീയസംഘര്‍ഷമുണ്ടായ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടല്‍. ദില്ലി പൊലീസ് മേധാവിയെ വിളിച്ചു വരുത്തിയ അമിത് ഷാ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. 

ചാന്ദിനി ചൗക്കിന് സമീപം ഹൊസ് ഖ്വാസി മേഖലയിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കാര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കം ആരാധനാലയം ആക്രമിക്കുന്ന അവസ്ഥയിലെത്തുകയായിരുന്നു. 

വീടിന് മുന്‍പില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് വാക്ക് തര്‍ക്കം ആരംഭിച്ചത്. വാക്കേറ്റം സംഘര്‍ഷത്തിലേക്ക് മാറിയതോടെ ആദ്യം ഒരു വീടും പിന്നീട് സമീപത്തുള്ള ആരാധനാലയവും ആക്രമിക്കപ്പെടുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാവാത്ത ആളാണ്. 

സംഘര്‍ഷം കലാപത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾ പുറത്തു വന്നതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിൻറെ ഇടപെടൽ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദില്ലി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദില്ലി പൊലീസ് മേധാവി അമുല്‍ പട്നായിക്ക് അമിത് ഷായെ പ്രത്യേകം കണ്ട് ഇതുവരെ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ വിശദീകരിച്ചു. ദില്ലി പൊലീസിനെ കൂടാതെ അര്‍ധസൈനികരേയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.,