Asianet News MalayalamAsianet News Malayalam

'രാഹുൽ കോണ്‍ഗ്രസിനെ നയിക്കണം', ഓരോ പ്രവർത്തകന്‍റെയും വികാരമാണതെന്ന് പഞ്ചാബ് പിസിസി അധ്യക്ഷന്‍

വിലക്കയറ്റം കൊണ്ട്  ജനങ്ങൾ പൊതുതിമുട്ടി. ജനങ്ങളുടെ ആവശ്യം ഉയർത്തുമ്പോൾ എല്ലാം വിഷയം വഴി തിരിച്ചുവിടാനാണ് ബിജെപിയുടെ ശ്രമമെന്നും പഞ്ചാബ് പിസിസി അധ്യക്ഷന്‍ 

Amrinder Singh Raja Brar says rahul gandhi should lead congress
Author
First Published Sep 4, 2022, 12:02 PM IST

ചണ്ഡീഗര്‍: രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന് പഞ്ചാബ് പിസിസി അധ്യക്ഷന്‍ അമരീന്ദർ സിങ് രാജ ബ്രാര്‍. രാഹുല്‍ കോണ്‍ഗ്രസിനെ നയിക്കണം. ഓരോ കോൺഗ്രസ് പ്രവർത്തകന്‍റെ വികാരമാണതെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. വിലക്കയറ്റം കൊണ്ട്  ജനങ്ങൾ പൊതുതിമുട്ടി. ജനങ്ങളുടെ ആവശ്യം ഉയർത്തുമ്പോൾ എല്ലാം വിഷയം വഴി തിരിച്ചുവിടാനാണ് ബിജെപിയുടെ ശ്രമം. പാലിനും തൈരിനും വരെ ജിഎസ്ടി ഈടാക്കി. പഞ്ചാബിൽ കോൺഗ്രസ് തിരിച്ചു വരുമെന്നും അമരീന്ദർ സിങ് രാജ ബ്രാര്‍ പറഞ്ഞു. 

'മേഹങ്കായി പേ ഹല്ല ബോൽ റാലി':രാഹുൽ ഗാന്ധി പ്രസിഡന്‍റ് ആകണമെന്ന് കൂറ്റന്‍ ബാനര്‍,മത്സരിക്കില്ലെന്ന് നേതൃത്വം

വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് സംഘടിപ്പിക്കുന്ന റാലിയില്‍ പ്രസി‍ഡണ്ട് സ്ഥാനത്തേക്ക് രാഹുല്‍ എത്തണമെന്ന ആവശ്യവുമായി പ്രവര്‍ത്തകര്‍ രംഗത്ത്. രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ ഈ ആവശ്യമുന്നയിച്ചുള്ള കൂറ്റര്‍ ബാനറും ഫ്ളക്സും പ്രവര്‍ത്തകര്‍ ഉയര്‍ത്തി. എന്നാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന റിപ്പോർട്ടുകള്‍ എഐസിസി നേതൃത്വം തള്ളി. അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടില്‍ തന്നെയാണ് രാഹുലെന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രാഹുലിനെ അനുനയിപ്പിക്കാൻ മുതിര്‍ന്ന നേതാക്കള്‍ വീണ്ടും ശ്രമിച്ചേക്കും. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ആര് ആധ്യക്ഷനാകുമെന്നതില്‍  ഇപ്പോഴും വ്യക്തതയില്ല. ശശി തരൂര്‍ മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കിയിട്ടുള്ളത്. 

സോണിയ ഗാന്ധിയുടെ ചികിത്സയ്ക്കായി വിദേശത്ത് പോയ രാഹുല്‍ വിലക്കയറ്റത്തിനെതിരായ  റാലിയില്‍ പങ്കെടുക്കും. നിലവിലെ അധ്യക്ഷ ചർച്ചകള്‍ക്കിടെ, ഇത് സംബന്ധിച്ച്, റാലിയില്‍ എന്തെങ്കിലും പരാമർശം രാഹുല്‍ നടത്തുമോയെന്നതിലാണ് ആകാംക്ഷ.  രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ഗാന്ധി കുടുംബം താല്‍പ്പര്യപ്പെടുന്നുണ്ടെങ്കിലും ഗെലോട്ട് പല ഉപാധികളും മുന്നോട്ട് വച്ചിട്ടുണ്ട്. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുന്നത് തടയാൻ താൻ നിര്‍ദേശിക്കുന്ന ഒരാളെ നിയോഗിക്കണം എന്നതടക്കമുളള ആവശ്യങ്ങളാണ് ഗെലോട്ട് മുന്നോട്ടു വച്ചിരിക്കുന്നത്. ഇത് നേതൃത്വത്തെ കുഴപ്പിക്കുന്നതാണ്. 

അതേസമയം വോട്ടർ പട്ടിക പുറത്ത് വിടണമെന്ന് ശശി തരൂർ അടക്കമുള്ളവർ  ആവശ്യപ്പെട്ടതിനോട് നേതൃത്വം ഇനിയും അനുകൂല പ്രതികരണം നടത്തിയിട്ടില്ല. വോട്ടർ പട്ടിക പുറത്തു വിടാതെ എങ്ങനെ പിന്തുണ അടക്കം ഉറപ്പാക്കുമെന്ന ചോദ്യമാണ് തരൂരും മനീഷ് തിവാരിയും അടക്കമുള്ളവർ ഉയര്‍ത്തുന്നത്. ആവശ്യം ശക്തമാകുന്ന സാഹചര്യത്തില്‍ വോട്ടർ പട്ടിക പിസിസി വഴിയെങ്കിലും ഉടൻ ലഭ്യമാക്കാന്‍ നേതൃത്വം നടപടിയെടുക്കണമെന്ന സമ്മർദ്ദം നേരിടുകയാണ് നേതൃത്വം.

Follow Us:
Download App:
  • android
  • ios