ദില്ലി: രാഹുല്‍ ഗാന്ധിക്ക് ഇന്ന് 49-ാം ജന്മദിനം. പിറന്നാള്‍ നിറവില്‍ രാഹുലിന് ആശംസകള്‍ അറിയിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തുമ്പോള്‍ വ്യത്യസ്തമായ പിറന്നാള്‍ ആശംസയുമായി അമുല്‍. അമുലിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് രാഹുലിന് ആശംസ അറിയിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചത്. ഹാപ്പി ബര്‍ത്ത്ഡേ രാഹുല്‍ ഗാന്ധി എന്ന ഹാഷ്ടാഗിലായിരുന്നു അമുല്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്നത്. 

രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തിരുന്നു. ‘ശ്രീ രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ എല്ലാ ആശംസകളും നേരുന്നു. ആരോഗ്യവും ദീര്‍ഘായുസും നല്‍കി ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാഹുൽ ​ഗാന്ധിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് ട്വീറ്ററിൽ #IAmRahulGandhi, #HappyBirthdayRahulGandhi തുടങ്ങിയ ഹാഷ്​ടാ​ഗുകൾ ഹിറ്റാകുകയാണ്.  രാഹുല്‍ ഗാന്ധി രാജ്യത്തെ സ്വാധീനിച്ച അഞ്ച് അവസരങ്ങളുടെ വീഡിയോ പങ്കുവെച്ചാണ് കോണ്‍ഗ്രസ് രാഹുലിന്‍റെ ജന്മദിനം ആഘോഷിച്ചത്.