ദില്ലി: ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള അമൂലിന്‍റെ കാര്‍ട്ടൂണിന് പിന്നാലെ അമൂലിന്‍റെ ട്വിറ്റര്‍ അക്കൌണ്ടിന് ബ്ലോക്ക് ചെയ്തു. ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കെറ്റിംഗ് ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ആര്‍ എസ് സോധിയാണ് ട്വിറ്റര്‍ അക്കൌണ്ട് ബ്ലോക്ക് ചെയ്ത വിവരം അറിയിച്ചത്. അമൂലിന്‍റെ പരസ്യ ഏജന്‍സി ചൈനീസ് വിരുദ്ധ കാര്‍ട്ടൂണ്‍ ജൂണ്‍ 4നാണ് പ്രസിദ്ധീകരിച്ചത്. 

ഡ്രാഗണൊപ്പമുള്ള അമൂല്‍ പെണ്‍കുട്ടിയുടെ കാര്‍ട്ടൂണിലെ കുറിപ്പാണ് വലിയ വിവാദമായത്. കാര്‍ട്ടൂണിന് താഴെ അമൂല്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്നും കാര്‍ട്ടൂണില്‍ കുറിച്ചിരുന്നു. ആത്മനിര്‍ഭര്‍ ഭാരത് ആശയപ്രകാരമാണ് കാര്‍ട്ടൂണ്‍ ചെയ്തതെന്നാണ് സൂചന. ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചൈനീസ് ഉല്‍പ്പന്ന വിരുദ്ധ വികാരം പ്രകടമായിരുന്നു. 

എന്ത് കൊണ്ടാണ് അക്കൌണ്ട് ബ്ലോക്ക് ചെയ്തതെന്ന് അറിയില്ല. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കെറ്റിംഗ് ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ആര്‍ എസ് സോധി പറഞ്ഞു.അമൂല്‍ ആര്‍ക്കെതിരെയും പ്രചാരണങ്ങള്‍ നടത്തിയിട്ടില്ലെന്ന് സോധി പറയുന്നു. അമൂല്‍ പണ്‍കുട്ടി കഴിഞ്ഞ 55 വര്‍ഷങ്ങളായി അമൂലിന്‍റെ മുഖമാണ്. 

രാജ്യത്ത് പ്രകടമായി കാണുന്ന പല വികാരങ്ങളേക്കുറിച്ചും അമൂല്‍ പെണ്‍കുട്ടി സംസാരിച്ചിട്ടുണ്ടെന്നും സോധി പറയുന്നു. ട്വീറ്റര്‍ അക്കൌണ്ട് റീ ആക്ടിവേറ്റ് ചെയ്യണമെന്ന പരസ്യ കമ്പനിയുടെ ആവശ്യം ട്വിറ്റര്‍ പരിഗണിച്ച് അക്കൌണ്ട് റീസ്റ്റോര്‍ ചെയ്തുവെന്നും സോധി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു.  എന്നാല്‍ ഇതിനോടകം അമൂല്‍ കാര്‍ട്ടൂണ്‍ ട്വിറ്ററില്‍ വൈറലായിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് കാര്‍ട്ടൂണിനേക്കുറിച്ച് സംസാരിക്കുന്നത്.