മുംബൈ: മുംബൈയിലും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്ച മുതല്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിന്റേയും പേമാരിയുടെയും ഭീകരത വ്യക്തമാക്കുന്ന ദൃശ്യം പങ്കുവച്ച്‌ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. 'പ്രകൃതിയുടെ കോപ നൃത്തം' എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്. 

തന്റെ വസതിക്കു സമീപം വീശിയടിച്ച കാറ്റ് ഒരു പനമരത്തെ വട്ടം കറക്കുന്നതാണ് വീഡിയോ. നിസാരമെന്ന് തോന്നുമെങ്കിലും ഏറെ ഭീകരമാണ് കാറ്റിന്റെ ശക്തിയെന്ന് അതില്‍ നിന്നുതന്നെ മനസ്സിലാക്കാം. കാറ്റിന്റെ ഒരുപാട് വീഡിയോ കിട്ടിയെങ്കിലും ഇത് ഏറെ നാടകീയമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുന്നു. രണ്ട് ഫ്ലാറ്റുകളുടെ ഇടയിലായി നിൽക്കുന്ന പനമരമാണ് ഇരു വശത്തേക്കും ചായുന്നത്. കാറ്റിന്റെ തീവ്രത ഇതിലൂടെ വ്യക്തമാകും.

ഇത്തരത്തിൽ ഭയപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോകളാണ് മുംബൈയിൽ നിന്നും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെള്ളം നിറഞ്ഞ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ റോഡിലുടെ ഉല്ലാസയാത്ര നടത്തുന്ന യുവാക്കളുടെ വീഡിയോയുമുണ്ട്. വെള്ളം ഉയര്‍ന്നതോടെ പ്രാണരക്ഷാര്‍ത്ഥം ബൈക്കില്‍ പിടിച്ചിരിക്കുന്ന പൂച്ചക്കുട്ടിയെ സീറ്റില്‍ ഇരുത്തി രക്ഷിച്ചുകൊണ്ടുപോകുന്ന യാത്രക്കാരന്റെ ഹൃദയസ്പര്‍ശിയായ വീഡിയോയും പുറത്തുവരികയാണ്.

ദിവസങ്ങളായി നിർത്താതെ പെയ്ത കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് മുംബൈയിൽ ഉണ്ടായിരിക്കുന്നത്. മഴയ്ക്കൊപ്പം കാറ്റും കൂടിയായതോടെ ജനജീവിതം താറുമാറായി. കനത്ത ജാഗ്രതാനിർദേശമാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്.