വിജയ് യെ അറസ്റ്റ് ചെയ്യണം എന്ന് പറയുന്നതിൽ കാര്യമില്ല. ആർസിബി ആൾക്കൂട്ട ദുരന്തം പോലെയൊരു അപകടം ആണ് കരൂരിലുമുണ്ടായത്
ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ വിജയ് മാത്രം ഉത്തരവാദിയല്ലെന്ന് പിഎംകെ പ്രസിഡന്റ് അൻപുമണി രാമദാസ്. നടന്നത് അപകടം മാത്രം എന്ന് പിഎംകെ പ്രസിഡന്റ് അൻപുമണി രാമദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. വിജയ് യെ അറസ്റ്റ് ചെയ്യണം എന്ന് പറയുന്നതിൽ കാര്യമില്ല. ആർസിബി ആൾക്കൂട്ട ദുരന്തം പോലെയൊരു അപകടം ആണ് കരൂരിലുമുണ്ടായത്. ആരെയും കുറ്റപ്പെടുത്താൻ താൽപര്യമില്ല, എന്നാൽ അവഗണിക്കാമായിരുന്ന അപകടമാണ് നടന്നത്. ഒരു ഗ്രൗണ്ടിലോ മറ്റോ ആയിരുന്നു റാലിയെങ്കിൽ അപകടത്തിന്റെ തോത് കുറഞ്ഞേക്കാമായിരുന്നു. വിജയ് വൈകിവന്നത് അപകടത്തിന്റെ കാരണങ്ങളിൽ ഒന്നായേക്കാം, എന്നാൽ സർക്കാരിനും ആൾക്കൂട്ടത്തിനും കൂടി ഉത്തരവാദിത്തം ഉണ്ട്. മുഖ്യമന്ത്രിയുടെയും മകന്റെയും യോഗങ്ങൾക്ക് ആയിരത്തിലേറെ പൊലീസുകാർ ഉണ്ട്. മറ്റ് നേതാക്കൾക്ക് മതിയായ സുരക്ഷ നൽകാറില്ലെന്നും പിഎംകെ പ്രസിഡന്റ് അൻപുമണി രാമദാസ് ആരോപിച്ചു. കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ജുഡീഷ്യൽ കമ്മീഷൻ തെളിവെടുപ്പ് നടത്തുകയാണ്.
ജസ്റ്റിസ് അരുണ ജഗദീശൻ വേലുചാമിപുരത്ത് വീണ്ടും എത്തി. അതേസമയം കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയെങ്കിലും പൊലീസ് വിലക്കി. അനുമതി നിഷേധിച്ച് പൊലീസ് ഇന്നലെ രാത്രി താരം പൊലീസുമായി സംസാരിച്ചെന്നാണ് ടിവികെ വിശദമാക്കുന്നത്. വിജയ് ചെന്നൈയിലെ വീട്ടിൽ തന്നെ തുടരുകയാണ്. ശനിയാഴ്ച വൈകീട്ട് ടിവികെ റാലിയിലുണ്ടായ അപകടത്തിൽ 40 പേരാണ് മരിച്ചത്. ചികിത്സയിലുള്ള 100ലേറെ പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
കരൂരിലേക്ക് പോകാൻ അനുമതി നിഷേധിച്ച് പൊലീസ്
കരൂർ ആൾക്കൂട്ട ദുരന്തത്തിന്റെ വീഴ്ചകൾ അക്കമിട്ട് ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. സ്ഥലം അനുവദിച്ചതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും 10മണിയോടെ തന്നെ ആളുകൾ തടിച്ചു കൂടിയിട്ടും മുൻകരുതൽ എടുത്തില്ലെന്നും റിപ്പോർട്ട് വിശദമാക്കുന്നത്. അടിയന്തര സാഹചര്യം നേരിടാൻ പാകത്തിന് ഒന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട് വിശദമാക്കുന്നുണ്ട്.


