Asianet News MalayalamAsianet News Malayalam

ആന്ധ്രയില്‍ ഇനി മദ്യം 'ഒഴുകില്ല'; മദ്യവില്‍പ്പനശാലകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് മദ്യവില്‍പ്പനശാലകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 

Andhra Pradesh government will take over Liquor Shops
Author
Andhra Pradesh, First Published Sep 29, 2019, 12:13 PM IST

അമരാവതി: ആന്ധ്രാപ്രദേശിലെ മദ്യവില്‍പ്പനശാലകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. സംസ്ഥാനത്ത് പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഓക്ടോബര്‍ ഒന്നിന് മുമ്പാണ് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 3500-ഓളം മദ്യവില്‍പ്പനശാലകളാണ് ഏറ്റെടുക്കുന്നത്. 

ഉപമുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുമായ നാരായണസ്വാമിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സെപ്തംബര്‍ ഒന്നുമുതല്‍ ഇതുവരെ 457 കടകള്‍ ബിവ്റേജസ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തിരുന്നു. സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ കുറയ്ക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. 4380 മദ്യവില്‍പ്പനശാലകള്‍ 3500 ആയി കുറയ്ക്കുമെന്നാണ് സര്‍ക്കാരിന്‍റെ പ്രഖ്യാപനം. വ്യാജമദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 4788 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  2834 പേര്‍ അറസ്റ്റിലായി. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ലഹരിവിമോചന കേന്ദ്രങ്ങള്‍ ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി 'പദയാത്ര'യില്‍ വാഗ്ദാനം നല്‍കിയിരുന്നു. അതേസമയം മദ്യവില്‍പ്പനകേന്ദ്രങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് മറ്റ് തൊഴിലുകള്‍ നല്‍കും. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 4300 മദ്യശാലകള്‍ ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അടപ്പിച്ചുവെന്നും നാരായണസ്വാമി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios