Asianet News MalayalamAsianet News Malayalam

പെൻഷൻ 20000, ഡീസൽ സൗജന്യം 75000, ബസ് യാത്ര ഫ്രീ; ആനുകുല്യങ്ങൾ അനവധിയില്ലേ? കണക്ക് നിരത്തി കേരള മുൻ എംഎൽഎ

ഒരിക്കൽ എം എൽ എ ആയിരുന്ന തനിക്ക് ഇത്രയേറെ ആനുകൂല്യങ്ങൾ കിട്ടുമെങ്കിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള ഗുലാം നബി ആസാദിന് എത്രത്തോളം ആനുകൂല്യങ്ങളാകും കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിച്ചതിലൂടെ കിട്ടിയതെന്ന ചോദ്യമാണ് അക്കര ഉന്നയിക്കുന്നത്

anil akkara criticize ghulam nabi azad on facebook post
Author
First Published Aug 26, 2022, 7:48 PM IST

തൃശൂർ: മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടതിൽ രൂക്ഷ പ്രതികരണവുമായി വടക്കാഞ്ചേരി മുൻ എം എൽ എ അനിൽ അക്കര രംഗത്ത്. ഒരു എം എൽ എ ആയിരുന്ന തനിക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ നിരത്തിയാണ് അനിൽ അക്കരയുടെ പ്രതികരണം. ഒരിക്കൽ എം എൽ എ ആയിരുന്ന തനിക്ക് ഇത്രയേറെ ആനുകൂല്യങ്ങൾ കിട്ടുമെങ്കിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള ഗുലാം നബി ആസാദിന് എത്രത്തോളം ആനുകൂല്യങ്ങളാകും കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിച്ചതിലൂടെ കിട്ടിയതെന്ന ചോദ്യമാണ് അക്കര ഉന്നയിക്കുന്നത്. എം എൽ എ പെൻഷൻ മാത്രം 20000 രൂപ കിട്ടുന്ന തനിക്ക് ഡീസൽ സൗജന്യമായി 75000 രൂപ കിട്ടുന്നുണ്ട്. സർക്കാർ ഗസ്റ്റ്‌ ഹൗസ് സൗജന്യനിരക്കിലാണ് ലഭിക്കുന്നതെന്നും കെ എസ് ആർ ടി സിയിൽ? സൗജന്യ യാത്രയാണെന്നും മെഡിക്കൽ റീ ഇമ്പേഴ്‌സ്മെന്റ് ആവോളമുണ്ടെന്നും പറഞ്ഞ അനിൽ അക്കര ഇതൊന്നും കിട്ടാത്ത നിരവധി ആളുകൾ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും ഓർമ്മിപ്പിച്ചു. അതുകൊണ്ടു തന്നെ ഏത് ഗുലാൻ പോയാലും ഈ പാർട്ടിയിൽ ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ വിവരിച്ചു.

ഗുലാം നബിയുടെ രാജി രാഹുലിനുള്ള സന്ദേശമോ? ഉടൻ പുതിയ പാർട്ടി രൂപീകരിക്കുമോ?

അനിൽ അക്കരയുടെ കുറിപ്പ്

എനിക്ക് എം എൽ എ
പെൻഷൻ ഇപ്പോൾ ₹20000/-
ഉടൻ കൂട്ടും 😄
ഡീസൽ സൗജന്യമായി ₹75000,
സർക്കാർ ഗസ്റ്റ്‌ ഹൗസ് സൗജന്യനിരക്കിൽ,
ksrtc സൗജന്യ യാത്ര,
മെഡിക്കൽ റീ ഇമ്പേഴ്‌സ്മെന്റ് ആവോളം,
അങ്ങനെ, അങ്ങനെ ഇഷ്ടം പോലെ,
ഇതൊന്നും കിട്ടാത്ത നിരവധി ആളുകൾ,
ഏത് ഗുലാൻ പോയാലും
ഈ പാർട്ടിയിൽ ഉണ്ടാകും ❤
അവരാണ് കോൺഗ്രസ്സ്
അവരാണ് ഈ പാർട്ടിയെ
നയിക്കുന്നത് ❤
അവരാണ് അഭിമാനം ❤
എന്നും കോൺഗ്രസ്സിനൊപ്പം ❤

ജി 23 ൽ മറ്റൊരു പാർട്ടി രൂപീകരിക്കാൻ ആലോചന നടന്നു, എതിർത്തത് ഞാനും തരൂരും; വെളിപ്പെടുത്തലുമായി പിജെ കുര്യൻ

അതേസമയം ഗുലാം നബി ആസാദ് കോണ്‍ഗ്രസ് പാർട്ടി വിട്ടതിന് പിന്നാലെ ജി 23 നേതാക്കളിലൊരാളായ പി ജെ കുര്യൻ വെളിപ്പെടുത്തലുമായി രംഗത്തെത്തി. ജി 23 സജീവമായിരുന്ന കാലത്ത് നടന്ന യോഗത്തിൽ മറ്റൊരു പാര്‍ട്ടി രൂപീകരിക്കാൻ വരെ നിര്‍ദേശമുണ്ടായെന്നാണ് കുര്യന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് നടന്ന ജി 23 യോഗത്തിൽ ശശി തരൂരും താനുമാണ് ആ നിര്‍ദേശത്തെ എതിര്‍ത്തെന്നും കുര്യന്‍ വെളിപ്പെടുത്തി. ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതിനോട് യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നയിച്ച പരാതികളില്‍ പലതിലും യാഥാര്‍ത്ഥ്യമുണ്ടെങ്കിലും പാർട്ടി വിടുന്ന രീതി അംഗികരിക്കാനാകില്ല. പാര്‍ട്ടിക്കുള്ളിൽ നിന്ന് തിരുത്തൽ നടത്താനായിരുന്നു ഗുലാം നബി ആസാദ് ശ്രമിക്കേണ്ടിയിരുന്നതെന്നും കുര്യന്‍ പറഞ്ഞു. ആസാദിന്‍റെ രാജിക്ക് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios