Asianet News MalayalamAsianet News Malayalam

ജി 23 ൽ മറ്റൊരു പാർട്ടി രൂപീകരിക്കാൻ ആലോചന നടന്നു, എതിർത്തത് ഞാനും തരൂരും; വെളിപ്പെടുത്തലുമായി പിജെ കുര്യൻ

ഉന്നയിച്ച പരാതികളില്‍ പലതിലും യാഥാര്‍ത്ഥ്യമുണ്ടെങ്കിലും പാർട്ടി വിടുന്ന രീതി അംഗികരിക്കാനാകില്ല. പാര്‍ട്ടിക്കുള്ളിൽ നിന്ന് തിരുത്തൽ നടത്താനായിരുന്നു ഗുലാം നബി ആസാദ് ശ്രമിക്കേണ്ടിയിരുന്നതെന്നും കുര്യന്‍

PJ Kurien revealed on g 23 meeting and ghulam nabi azad
Author
First Published Aug 26, 2022, 10:09 PM IST

ദില്ലി: ഗുലാം നബി ആസാദ് കോണ്‍ഗ്രസ് പാർട്ടി വിട്ടതിന് പിന്നാലെ ജി 23 നേതാക്കളിലൊരാളായ പി ജെ കുര്യൻ വമ്പൻ വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. ജി 23 സജീവമായിരുന്ന കാലത്ത് നടന്ന യോഗത്തിൽ മറ്റൊരു പാര്‍ട്ടി രൂപീകരിക്കാൻ വരെ നിര്‍ദേശമുണ്ടായെന്നാണ് കുര്യന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് നടന്ന ജി 23 യോഗത്തിൽ ശശി തരൂരും താനുമാണ് ആ നിര്‍ദേശത്തെ എതിര്‍ത്തെന്നും കുര്യന്‍ വെളിപ്പെടുത്തി. ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതിനോട് യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നയിച്ച പരാതികളില്‍ പലതിലും യാഥാര്‍ത്ഥ്യമുണ്ടെങ്കിലും പാർട്ടി വിടുന്ന രീതി അംഗികരിക്കാനാകില്ല. പാര്‍ട്ടിക്കുള്ളിൽ നിന്ന് തിരുത്തൽ നടത്താനായിരുന്നു ഗുലാം നബി ആസാദ് ശ്രമിക്കേണ്ടിയിരുന്നതെന്നും കുര്യന്‍ പറഞ്ഞു. ആസാദിന്‍റെ രാജിക്ക് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെൻഷൻ 20000, ഡീസൽ സൗജന്യം 75000, ബസ് യാത്ര ഫ്രീ; ആനുകുല്യങ്ങൾ അനവധിയില്ലേ? കണക്ക് നിരത്തി കേരള മുൻ എംഎൽഎ

അതേസമയം പാർട്ടിക്കുള്ളിൽ വിമർശനങ്ങൾ ഉയരണമെന്ന അഭിപ്രായം തന്നെയാണ് കുര്യൻ പങ്കുവയ്ക്കുന്നത്. കോണ്‍ഗ്രസെന്നൊല്‍ ഒരു വ്യക്തിയല്ല, ആശയമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ക്ഷീണം സംഭവിച്ചെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതിന് കാരണം ഒരു നേതാവ് മാത്രമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല പാർട്ടിയുടെ തകർച്ചയുടെ ഉത്തരവാദിത്വം. രാഹുല്‍ വന്നിട്ട് പാര്‍ട്ടിക്ക് നേട്ടമുണ്ടായില്ലെന്നത് സമ്മതിക്കാം. എന്നാല്‍ തിരിച്ചടിക്കെല്ലാം ഉത്തരവാദി രാഹുല്‍ എന്നതിനോട് യോജിപ്പില്ല. രാജീവും സോണിയ ഗാന്ധിയും എല്ലാവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റമുണ്ട്. രാഹുലിനെക്കുറിച്ചുള്ള അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ പറയുമെന്നും പി ജെ കുര്യന്‍ വ്യക്തമാക്കി.

ഗുലാം നബിയുടെ രാജി രാഹുലിനുള്ള സന്ദേശമോ? ഉടൻ പുതിയ പാർട്ടി രൂപീകരിക്കുമോ?

അതേസമയം രാഹുൽ ഗാന്ധിക്കെതിരായ നീക്കമാണ് തന്റെ രാജിയെന്ന ശക്തമായ സന്ദേശം നൽകിയാണ് ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടത്. ആസാദ് പുതിയ പാർട്ടി ഉണ്ടാക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. ജമ്മു കശ്മീരിലെ തെര‌‌ഞ്ഞെടുപ്പിൽ ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിച്ച് മത്സരിക്കാനാണ് സാധ്യത.യെന്നാണ് വിലയിരുത്തലുകൾ ഉണ്ടാകുന്നത്. കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് നടപടികൾക്ക് പ്രഹരമേൽപ്പിച്ചു കൂടിയാണ് ആസാദ് പാർട്ടി വിടുന്നത്. ഗുലാം നബി ആസാദ് കോൺഗ്രസുമായി തെറ്റിയിട്ട് ഏറെ നാളായിരുന്നു. അതിനാൽ തന്നെ ആസാദിന്റെ രാജി തീരെ അപ്രതീക്ഷിതമല്ല. എന്നാൽ രാജിക്കത്തിൽ ഗുലാം നബി ഉന്നയിക്കുന്ന വിഷയങ്ങൾ ചെന്നു തറയ്ക്കുന്നത് രാഹുലിലാണ്. രാഹുൽ ഗാന്ധിയെ ലക്ഷ്യം വയ്ക്കുന്ന വാക്കുകളാണ്  ഗുലാം നബി ആസാദിന്റെ കത്തിലുള്ളത്. രാഹുൽ ഗാന്ധി ഉപാധ്യക്ഷനായ ശേഷമാണ് പാർട്ടിയിലെ സാഹചര്യം മാറിയത് എന്ന് കത്തിൽ പറയുന്നു. യുപിഎ കാലത്ത് കേന്ദ്ര സർക്കാർ പാസാക്കിയ ഓർഡിൻസ് രാഹുൽ പരസ്യമായി കീറി. പക്വതയില്ലാത്ത ഇത്തരം നീക്കങ്ങൾ പാർട്ടിയുടെ തോൽവിക്ക് ഇടയാക്കി. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം രാജി വച്ചത് മുതിർന്ന നേതാക്കളെ അപമാനിച്ച ശേഷമാണ്. സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് വന്നെങ്കിലും രാഹുൽ ഗാന്ധിയുടെ റിമോർട്ട് കൺട്രോൾ ഭരണം തുടരുന്നു. കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഹസനമാണ്. എഐസിസി എല്ലാ സ്ഥാനങ്ങളിലേക്കും സ്വന്തക്കാരെ നിയമിക്കുന്നു എന്നെല്ലാം ഗുലാം നബി ആസാദ് പറയുന്നത് പാർട്ടിയിലെ കൂടുതൽ നേതാക്കൾക്കുള്ള സന്ദേശമാണ്. ജമ്മു കശ്മീരിൽ ആസാദിന്റെ അനുയായികൾ രാജി നൽകി തുടങ്ങി. ദേശീയ തലത്തിൽ പാർട്ടിയിൽ വൻ പിളർപ്പിന് ആസാദിന്റെ രാജി ഇടയാക്കാൻ സാധ്യതയില്ല. എന്നാൽ 'ഭാരത് ജോഡോ യാത്ര'യ്ക്കും പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാനും ഒരുങ്ങുന്ന കോൺഗ്രസിന് ഗുലാം നബി ആസാദ് എഴുതിയ അഞ്ചു പേജുള്ള കത്ത് കനത്ത പ്രഹരമാണ്. രാഹുൽ ഗാന്ധിയുടെ ചുറ്റിനുമുള്ള സംഘത്തിന് കൂടുതൽ അധികാരം മറ്റുള്ളവർക്ക് വിട്ടു കൊടുക്കേണ്ടതായ സാഹചര്യവും വരും.

Follow Us:
Download App:
  • android
  • ios