Asianet News MalayalamAsianet News Malayalam

'ഭര്‍ത്താവിന് വേണ്ടി വന്നതല്ല, അഞ്ജു പാകിസ്ഥാനിലേക്ക് മടങ്ങും'; രണ്ട് കാര്യങ്ങള്‍ ചെയ്ത ശേഷം

പാകിസ്ഥാനിലെത്തി ഇസ്ലാം മതം സ്വീകരിച്ച് നസ്റുല്ലയെ വിവാഹം ചെയ്‌തെന്നാണ് അഞ്ജു പറയുന്നത്. എന്നാല്‍ വിവാഹം നടന്നതിന്റെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

anjus plan divorce from indian husband and take kids to pakistan joy
Author
First Published Nov 30, 2023, 5:12 PM IST

ദില്ലി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ പാകിസ്ഥാനില്‍ പോയ അഞ്ജുവെന്ന യുവതിയെ വിശദമായി ചോദ്യം ചെയ്തത് അന്വേഷണ ഏജന്‍സികള്‍. അമൃത്സറിലെ കേന്ദ്രത്തില്‍ വച്ച് പഞ്ചാബ് പൊലീസും ഇന്റലിജന്‍സ് വിഭാഗവുമാണ് അഞ്ജുവിനെ മണിക്കൂറോളം ചോദ്യം ചെയ്തത്. ശേഷം ബുധനാഴ്ച രാത്രിയോടെ ദില്ലിയിലേക്ക് പോകാന്‍ അനുവദിച്ചു. 

ചില കാര്യങ്ങള്‍ തീരുമാനിച്ച് ഉറപ്പിച്ച ശേഷമാണ് അഞ്ജു തിരികെ ഇന്ത്യയിലെത്തിയതെന്നാണ് ഐബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പാകിസ്ഥാനിലേക്ക് തന്നെ മടങ്ങാനാണ് അഞ്ജുവിന്റെ തീരുമാനം. രാജസ്ഥാനിലുള്ള ഭര്‍ത്താവ് അരവിന്ദുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തുക, ശേഷം 15കാരിയായ മകളെയും ആറു വയസുകാരനായ മകനെയും പാകിസ്ഥാനിലേക്ക് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ജു ഇന്ത്യയില്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ വര്‍ഷം ജൂലൈ 27നാണ് അഞ്ജു, ഫേസ്ബുക്ക് വഴി പരിചയപ്പെട്ട നസ്റുല്ല എന്ന യുവാവിനെ തേടി പാകിസ്ഥാനിലേക്ക് പോയത്. അവിടെ വച്ച് ഇസ്ലാം മതം സ്വീകരിച്ച് നസ്റുല്ലയെ വിവാഹം ചെയ്‌തെന്നാണ് അഞ്ജു പറയുന്നത്. എന്നാല്‍ വിവാഹം നടന്നതിന്റെ തെളിവുകളൊന്നും അഞ്ജു ഹാജരാക്കിയിട്ടില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭര്‍ത്താവായ നസ്റുല്ല ബിസിനസുകാരനാണെന്ന് അഞ്ജു പറഞ്ഞതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ജൂലൈയില്‍ കുറച്ചു ദിവസത്തേക്ക് ജയ്പൂരിലേക്ക് പോവുകയാണെന്ന് ഭര്‍ത്താവ് അരവിന്ദിനോട് പറഞ്ഞ ശേഷമാണ് അഞ്ജു പാകിസ്ഥാനിലേക്ക് പോയത്. യുവതി അതിര്‍ത്തി കടന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അരവിന്ദ് പറഞ്ഞിരുന്നു. അന്ന് വൈകുന്നേരം നാല് മണിക്ക് അഞ്ജു ഫോണില്‍ വിളിച്ച് താന്‍ ലാഹോറിലാണെന്നും മൂന്ന് ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്നും അറിയിച്ചു. പാക്കിസ്ഥാനിലെ അഞ്ജുവിന്റെ പ്രണയബന്ധത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും ഒരു ദിവസം ഭാര്യ മടങ്ങി വരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അരവിന്ദ് അന്ന് പറഞ്ഞിരുന്നു. 

നസ്റുല്ലയെ വിവാഹം ചെയ്യാന്‍ പദ്ധതിയില്ലെന്നും വിസാ കാലാവധി അവസാനിക്കുമ്പോള്‍ ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് അഞ്ജു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസം ഇരുവരും വിവാഹിതരായി. അഞ്ജുവിന്റെ വിസ ഓഗസ്റ്റ് മാസത്തില്‍ പാകിസ്ഥാന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കുകയും ചെയ്തിരുന്നു. സെപ്തംബറില്‍, അഞ്ജു മക്കളെ കാണാന്‍ സാധിക്കാത്തതില്‍ മാനസിക വിഷമത്തിലാണെന്ന് നസ്‌റുല്ല പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം വാഗാ അതിര്‍ത്തി വഴി അഞ്ജു തിരികെ ഇന്ത്യയിലെത്തിയത്.

ഫേസ്ബുക്ക് പ്രണയം; വിവാഹം കഴിക്കാന്‍ പാകിസ്ഥാനില്‍ പോയ അഞ്ജു തിരികെ ഇന്ത്യയില്‍ 

 

Latest Videos
Follow Us:
Download App:
  • android
  • ios