Asianet News MalayalamAsianet News Malayalam

'രണ്ട് തവണ കൊവിഡ് വന്നു'; കെട്ടകാലത്ത് സന്നദ്ധതയുടെ കൈത്താങ്ങുമായി തളരാതെ ആൻ മോറിസ്

പലതരം പൂക്കൾ നിറച്ച കവറുകൾ ആൻ മോറിസിന്‍റെ കൈയില്‍ എപ്പോഴുമുണ്ടാകും. കൊവിഡ് ബാധിച്ചുമരിച്ചവരുടെ കല്ലറയ്ക്ക് കൂട്ടായി ഒരു പൂവെങ്കിലും വേണമെന്ന് ആനിന് നിർബന്ധമാണ്.

Ann Morris as a role model for volunteers delhi
Author
Kerala, First Published Jun 6, 2021, 9:01 PM IST

ദില്ലി: പലതരം പൂക്കൾ നിറച്ച കവറുകൾ ആൻ മോറിസിന്‍റെ കൈയില്‍ എപ്പോഴുമുണ്ടാകും. കൊവിഡ് ബാധിച്ചുമരിച്ചവരുടെ കല്ലറയ്ക്ക് കൂട്ടായി ഒരു പൂവെങ്കിലും വേണമെന്ന് ആനിന് നിർബന്ധമാണ്. ബെംഗളൂരു നഗരത്തില്‍ കഴിഞ്ഞ ഒന്നര വർഷമായി കൊവിഡ് മൃതദേഹങ്ങൾ മറവുചെയ്യാന്‍ സഹായിക്കുന്ന ആന്‍ മോറിസ് രാജ്യത്തെ ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരുടെ ശക്തമായ പ്രതീകമാണ്.

രണ്ട് കുട്ടികളുടെ അമ്മയായ ഈ ബെംഗളൂരു സ്വദേശിനിയുടെ സഹോദരനും അമ്മാവനും കഴിഞ്ഞ വർഷം കൊവിഡ് ബാധിച്ചു ചികിത്സ കിട്ടാതെ മരിച്ചു. ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കവേ സന്നദ്ധ സംഘടനയായ മേഴ്സി ഏഞ്ചല്‍സിനോടൊപ്പം ചേർന്നു. സെമിത്തേരിയിലും മറ്റ് ശവസംസ്കാര കേന്ദ്രങ്ങളിലും ആശുപത്രികളിലുമായാണ് ഇപ്പോൾ ജീവിതം. 

ആശുപത്രിക്കിടക്കകൾ തരപ്പെടുത്താന്‍ മുതല്‍ മൃതദേഹങ്ങൾ മറവുചെയ്യാന്‍ വരെ സഹായത്തിനായി ആളുകൾ വിളിച്ചുകൊണ്ടേയിരിക്കും. ഇതിനോടകം രണ്ട് തവണ കൊവിഡ് പിടിപെട്ടു  മാസങ്ങളോളം രുചിയും മണവും ഇല്ലായിരുന്നു. പക്ഷേ നഗരത്തിലെ സാഹചര്യങ്ങൾ വീട്ടിലിരിക്കാന്‍ അനുവദിച്ചില്ല.  കൊവിഡ് രണ്ടാം തരംഗകാലത്തുമാത്രം നാനൂറോളം മൃതദേഹങ്ങളാണ് ആന്‍മോറിസ് മറവുചെയ്തത്.

അഞ്ച് ദിവസം മുന്‍പ് ഞാന്‍ ഒരു സ്ത്രീയുടെ മൃതദേഹം സംസ്കരിച്ചു, ഇന്ന് അവരുടെ സഹോദരന്‍റെയും സംസ്കരിക്കുന്നു, അഞ്ച് ദിവസത്തിനിടെ ഒരു കുടുംബത്തിന്‍റെ എല്ലാമാണ് ഇല്ലാതായത്. നിങ്ങൾക്ക് സഹായിക്കാന്‍ മനസില്ലെങ്കില്‍ അത് ചെയ്യരുത്. പക്ഷേ എപ്പോഴും ദയവുള്ളവരായിരിക്കണം. നമ്മുടെ കുടംബത്തില്‍ ഒരാൾ ഇല്ലാതായാലേ അതിന്‍റെ വേദന നമുക്ക് മനസിലാകൂ. കൊവിഡ് കഴിഞ്ഞാല്‍ എന്തെന്ന ചോദ്യത്തിന് സെമിത്തേരിയില്‍നിന്നും ആശുപത്രിയിലേക്ക് എനിക്ക് പ്രവർത്തനങ്ങൾ മാറ്റണമെന്നാണ് ആനിന്റെ മറുപടി.

കർണാടകത്തില്‍ മാത്രം നൂറുകണക്കിന് സന്നദ്ദ സംഘടനകളിലായി ആയിര പ്രവർത്തകരാണ് രാത്രിയും പകലും സേവന പ്രവർത്തനങ്ങൾ തുടരുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം നന്നായി കുറഞ്ഞെങ്കിലും സന്നദ്ധ പ്രവർത്തക‍ർ സേവനം തുടരുകയാണ്. സർക്കാർ സംവിധാനങ്ങൾ പകച്ചുപോയ സമയത്തുപോലും സന്നദ്ധ സംഘടനകളുടെ കൂടി സഹായത്തോടെയാണ് രാജ്യം പ്രതിസന്ധികളെ മറികടന്നത്. 

Follow Us:
Download App:
  • android
  • ios