ചെന്നൈ: അണ്ണാ സര്‍വകലാശാലയില്‍ എംടെക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഭഗവത് ഗീത പഠനവിഷയമാക്കിയ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു. സര്‍വകലാശാല നടപടിക്കെതിരെ ഡിഎംകെയും ഇടത് പാര്‍ട്ടികളും രംഗത്തെത്തി. അതേസമയം, ഗീതാ പഠനം ഓപ്ഷണല്‍ വിഷയം മാത്രമാണെന്നും ആരെയും നിര്‍ബന്ധിക്കില്ലെന്നും സര്‍വകലാശാല വിശദീകരിച്ചു.

വ്യക്തിത്വ വികസനത്തിന്‍റെ ഭാഗമായി എംടെക്ക് മൂന്നാം സെമസ്റ്റര്‍ ഫിലോസഫി പേപ്പറിലാണ് ഓഡിറ്റ് കോഴ്സായി ഭഗവത് ഗീത ഉള്‍പ്പെടുത്തിയത്. എഐസിടിഇ 2018ല്‍ പുറത്തിറക്കിയ മുപ്പതോളം ഓഡിറ്റ് കോഴ്സുകളുടെ സര്‍ക്കുലറില്‍ നിന്നാണ് സര്‍വ്വകലാശാല ഗീത തെരഞ്ഞെടുത്തത്. മൂന്ന് ക്രെഡിറ്റ് പോയിന്‍റുള്ള ഫിലോസഫി പേപ്പര്‍ നിര്‍ബന്ധമായും പഠിക്കണമെന്നായിരുന്നു സര്‍വ്വകലാശാല സര്‍ക്കുലര്‍.

വിദ്യാര്‍ത്ഥികള്‍ക്കും ഒരു വിഭാഗം അധ്യാപകര്‍ക്കും പുറമേ, ഡിഎംകെയും ഇടത് പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സര്‍വകലാശാല പുതിയ സര്‍ക്കുലര്‍ ഇറക്കി. ഫിലോസഫി പേപ്പര്‍ നിര്‍ബന്ധമെങ്കിലും, ഗീതയും തത്വശാസ്ത്രവും ഉള്‍പ്പെടുന്ന പാഠഭാഗം ഓപ്ഷണലായി പഠിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം.