Asianet News MalayalamAsianet News Malayalam

അമേഠിയിൽ വീണ്ടും ചികിത്സാപ്പിഴവ് മൂലം മരണം: ശസ്ത്രക്രിയക്ക് വിധേയയായ ഗർഭിണി മരിച്ചു

കഴിഞ്ഞ ദിവസം അമേഠിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഇതേതുടർന്ന് ആശുപത്രിയുടെ ലൈസൻസും റദ്ദാക്കിയിരുന്നു.

Another death due to medical negligence in Amethi: A pregnant woman who had underwent a surgery died
Author
First Published Sep 24, 2023, 3:14 PM IST

ദില്ലി: ഉത്തർപ്രദേശിലെ അമേഠിയിൽ വീണ്ടും ചികിത്സാപ്പിഴവ് മൂലം മരണം. ജനതാ ഹോസ്പിറ്റലിൽ ശസ്ത്രക്രിയക്ക് വിധേയയായ ഗർഭിണി മരിച്ചു. കഴിഞ്ഞ ദിവസം അമേഠിയിലെ തന്നെ സഞ്ജയ് ഗാന്ധി ആശുപത്രിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഇതേതുടർന്ന് ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കകം ആണ് യുവതി മരിച്ചത്. യുവതിയുടെ ഭർതൃപിതാവിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. അതേസമയം 2017-ൽ യുപിയിലെ ഗോരഖ്പൂരില്‍ 63 കുഞ്ഞുങ്ങൾ അടക്കം 81 പേര്‍ പ്രാണവായു കിട്ടാതെ മരിച്ച സംഭവം മനുഷ്യനിര്‍മ്മിത കൂട്ടക്കൊലയാണെന്ന്  ഡോക്ടര്‍ കഫീല്‍ ഖാൻ പറഞ്ഞു.

യുപിയിലെ ആരോഗ്യമേഖലയെ കുറിച്ചുള്ള യഥാര്‍ത്ഥ കണക്കുകൾ ലഭ്യമല്ലെന്നും കഫീൽ ഖാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിരവധി കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ചിട്ടും യോഗി ആദിത്യനാഥിന്‍റെ പകയിൽ യുപി വിടേണ്ടിവന്ന കഫീൽ ഖാൻ, ഇപ്പോൾ തമിഴ്നാട്ടിലെ ഒരു ആശുപത്രിയിലാണ് സേവനം ചെയ്യുന്നത്. അന്നത്തെ സംഭവങ്ങളില്‍ മുഖ്യമന്ത്രി തന്നെ അഭിനന്ദിക്കുമെന്നാണ് കരുതിയത്. പക്ഷേ യോഗി ആദിത്യനാഥ് ദേഷ്യത്തിലായിരുന്നു. അപമാനിക്കുന്ന തരത്തിൽ നീ ആണോ ഡോക്ടർ കഫീൽ എന്ന് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഓക്സിജൻ സിലിണ്ടർ ക്രമീകരിച്ചാൽ വീരപുരുഷൻ ആകുമെന്ന് കരുതിയോ എന്നായിരുന്നു ചോദ്യം. ആ നാല് വാചകം തന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചു. തനിക്കെതിരെ കേസ് എടുത്തു, കുടുംബത്തെ വേട്ടയാടി, തന്നെ ജയിലിൽ അടച്ചുവെന്നും ഡോക്ടര്‍ കഫീൽ പറഞ്ഞു.

Also Read: വികസിത ഇന്ത്യയുടെ പ്രതീകം, രാജ്യത്ത് എല്ലായിടത്തേക്കും എത്തും: വന്ദേ ഭാരതിന് പച്ചക്കൊടി വീശി പ്രധാനമന്ത്രി

2017ന് മുൻപ് താനൊരു സാധാരണ ഡോക്ടർ ആയിരുന്നു. ആശുപത്രിയിലെ ജോലി കഴിഞ്ഞാൽ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കും. പണം ആവശ്യത്തിന് ഉണ്ടായിരുന്നതിനാൽ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. ഇത്രയേറെ വിദ്വേഷ അതിക്രമങ്ങൾ നടന്നിട്ടും അതൊന്നും തന്നെ ബാധിച്ചിരുന്നില്ല. എന്നാൽ എട്ട് മാസം ജയിലിൽ കിടന്നപ്പോൾ ഒരുപാട് വായിച്ചു. അപ്പോഴാണ് ഇന്ത്യൻ പൗരൻ എന്ന നിലയിൽ അനീതിക്കെതിരെ സംസാരിക്കണമെന്ന് തിരിച്ചറിഞ്ഞത്. യുപിയിൽ നടക്കുന്ന കണക്കുകളിൽ ഉള്ള തിരിമറിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 2017ന് മുൻപ് രോഗങ്ങളെയും മരണത്തെയും കുറിച്ചുള്ള കണക്കുകൾ ലഭ്യമായിരുന്നു. എന്നാൽ ഇന്ന് കണക്ക് കിട്ടില്ലെന്നും ഡോ. കഫീല്‍ ഖാൻ പറഞ്ഞു. നല്ല ആളുകൾ എല്ലായിടത്തുമുണ്ട്. നമ്മുടെ ജനാധിപത്യം വളർച്ചയിലാണ്. എന്തെല്ലാം പ്രശനങ്ങൾ ഉണ്ടായാലും അതെല്ലാം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും ഡോക്ടര്‍ കഫീല്‍ ഖാൻ പറഞ്ഞു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്   

Follow Us:
Download App:
  • android
  • ios