ദില്ലി: രാജ്യതലസ്ഥാനത്തെ തെരുവുകൾ ഇന്നലെ യുദ്ധക്കളമായപ്പോൾ പൊലീസ് ആദ്യം പാഞ്ഞടുത്തത് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ നേരെയായിരുന്നു. പിന്നീടവിടം ലാത്തിച്ചാർജ്ജും കല്ലേറും കണ്ണീർവാതകവും തുടങ്ങി ഒരു തെരുവുയുദ്ധത്തിന്റെ ഇടമായി മാറി. നാലഞ്ച് പേരുള്ള ഒരു വിദ്യാർത്ഥി സംഘത്തിനെ പൊലീസ് ആക്രമിക്കുന്നതും അതിലൊരാൾ അവർക്ക് നേരെ വിരൽചൂണ്ടുന്നതും പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മലയാളികളായ ആയിഷത്ത് റെന്നയായിരുന്നു ആ പെൺകുട്ടി. ഒപ്പമുണ്ടായിരുന്ന മലയാളികളായ സുഹൃത്തുക്കൾ ഷഹീൻ അബ്ദുള്ളയ്ക്കും ലദീദയ്ക്കും പൊലീസ് മർദ്ദനമേറ്റപ്പോഴായിരുന്നു റെന്ന പൊലീസിന് നേരെ വിരൽ ചൂണ്ടിയത്.

അപ്പോഴത്തെ പൊലീസിന്റെ പെരുമാറ്റം അതിക്രൂരമായിരുന്നുവെന്നാണ് റെന്ന പറയുന്നത്. വിദ്യാർത്ഥികൾ പിന്മാറിയ ശേഷമാണ് ബസുകൾക്ക് തീയിട്ടതെന്നും ആരാണ് തീയിട്ടതെന്ന് പൊലീസ് കണ്ടതാണെന്നും ഷഹീൻ ആരോപിക്കുന്നു. ആസ്മ രോഗിയായ ലദീദ  പൊലീസിൽ നിന്നേറ്റ ക്രൂരമായ അനുഭവവും ഏഷ്യാനെറ്റ് ന്യൂസിനോട് വിവരിച്ചു.

"ആദ്യം അവർ ബാരിക്കേഡ് വച്ച് ഒരു സ്ഥലം ബ്ലോക്ക് ചെയ്തു. പ്രതിഷേധക്കാർ അപ്പോൾ വേറൊരു സ്ഥലത്തേക്ക് മാറി. ഞങ്ങൾ കുറച്ച് പുറകിലായിരുന്നു. പെട്ടെന്ന് മുന്നിലുള്ള ആൾക്കാർ ഭയങ്കരായിട്ട് അലറിവിളിച്ചുകൊണ്ട് പുറകോട്ട് ഓടിവന്നു. അപ്പോൾ ഞങ്ങൾക്ക് എന്താണ് നടക്കുന്നതെന്ന് ആദ്യം മനസിലായില്ല. ഞങ്ങളതിന്റെ ഉള്ളില് പെട്ടുപോയി," ആയിഷത്ത് റെന്ന പറഞ്ഞു.

ജാമിയ സർവ്വകലാശാലയിൽ രണ്ടാം വർഷ എം.എ ഹിസ്റ്ററി ബിരുദ വിദ്യാർഥിനിയാണ് റെന്ന. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കാളോത്ത് സ്വദേശിയാണ്. ഒഴുകൂർ ജി.എം.യു.പി സ്കൂൾ അധ്യാപകൻ എൻ.എം. അബ്ദുറഷീദി​ന്റെയും വാഴക്കാട് ചെറുവട്ടൂർ സ്കൂൾ അധ്യാപിക ഖമറുന്നിസയുടെയും മകളാണ്.

"അപ്പോൾ ഞങ്ങളൊരു മരത്തിന്റെ അടുത്ത് ഒളിച്ചുനിന്നു. അവിടെ രണ്ട് മൂന്നാല് പേര് ഉണ്ടായിരുന്നു. ഇവര്(പൊലീസ്) നിരത്തി അടിച്ചുകൊണ്ടാണ് ഓടിക്കുന്നത്. ഒരു കൺസിഡറേഷനും കൊടുക്കാതെയാണ് അടിച്ചത്. അവര് പിന്നെ ഞങ്ങളെ ടാർജറ്റ് ചെയ്തോണ്ട് ആ ഗേറ്റ് മൊത്തം കവർ ചെയ്തു. ഞങ്ങളോട് പുറത്തേക്ക് ഇറങ്ങാൻ പറഞ്ഞു. അത്രയും ക്രൂരമായി പെരുമാറിയത് കൊണ്ടാണ് അവരോട് ഗോ ബാക് വിളിച്ചത്," റെന്ന വിശദീകരിച്ചു.

"അത്രയും വിജനമായ, പൊലീസ് മാത്രമുള്ള സ്ഥലത്താണ് പൊലീസ് ടിയർ ഗ്യാസ് എറിയുന്നത്," എന്നാണ് ലദീദ കുറ്റപ്പെടുത്തിയത്. എനിക്ക് ആസ്മയുടെ പ്രശ്നം ഉള്ളതാണ്. ശ്വാസം കിട്ടിയില്ല, മുളകുപൊടിയൊക്കെ നെഞ്ചിൽ കയറുന്ന പോലെ തോന്നി. എന്നേം കൊണ്ടാണ് ഇവരാ വീടിനകത്ത് കയറിയത്. പെണ്ണായത് കൊണ്ട് അടിക്കത്തില്ല എന്നാണ് കരുതിയത്. എനിക്ക് നടുവിനൊക്കെ ലാത്തികൊണ്ട് നന്നായിട്ട് കിട്ടി. പിന്നെയും ശ്വാസം മുട്ടലുണ്ടായി" ലദീദ പറഞ്ഞു.

"

ലദീദയുമായി ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് പോകും വഴിയും പൊലീസ് തടഞ്ഞുവെന്നാണ് ഷഹീൻ അബ്ദുള്ള ആരോപിച്ചത്. പൊലീസിൽ നിന്ന് ക്രൂരമായ മർദ്ദനവും ഷഹീന് ഏറ്റിരുന്നു. "അഞ്ച് പെൺകുട്ടികളും ഞാനൊരാളുമാണ് അവിടെയുണ്ടായിരുന്നത്. ഒരാൾക്ക് ആസ്മയുള്ളതാണ്, മറ്റൊരാൾക്ക് പരിക്കുണ്ടായിരുന്നു. അവരെ മെഡിക്കൽ സപ്പോർട്ടിനായി മാറ്റാനായിരുന്നു ഞങ്ങളുടെ ശ്രമം. അത് ഞങ്ങൾ പൊലീസുകാരോട് അങ്ങോട്ട് പോയി പറഞ്ഞിരുന്നു. എന്നിട്ടും അവർ ആ ഓട്ടോറിക്ഷകൾ തടഞ്ഞു," ഷഹീൻ ആരോപിച്ചു.

"ഇന്നലെ പൊലീസാണ് ഹോസ്റ്റലിലും കുട്ടികളെയൊക്കെ വന്നടിച്ചത്. ആൾക്കൂട്ടം തിരിച്ചോടിയ ശേഷമാണ് ബസ് കത്തുന്നത്. ആ സമയത്ത് ഞങ്ങൾ കുറച്ച് പേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പൊലീസ് കൃത്യമായി കൺട്രോൾ ചെയ്ത ഏരിയയിൽ വച്ചാണ് ബസ് കത്തിച്ചത്. കത്തിക്കുന്ന ആളുകളെ പൊലീസ് വ്യക്തമായി കണ്ടിരുന്നു," എന്നും ഷഹീൻ പറഞ്ഞു. മൂവരും ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികളാണ്.