ഭുവനേശ്വർ: വരൻ മദ്യപിച്ചെത്തിയതിനെ തുടർന്ന് വിവാഹം വേണ്ടെന്ന് വച്ച് മദ്യവിരുദ്ധ പ്രവര്‍ത്തക‌യായ വധു. ഒഡീഷ ജജ്‍പുര്‍ ജില്ലയിലെ സംഗമിത്ര സേഥി(22) ആണ് തന്‍റെ വിവാഹം വേണ്ടന്നുവച്ചത്. ഇതേ ജില്ലയില്‍ നിന്നു തന്നെയായിരുന്നു വരന്‍. 28 വയസ്സുകാരനായ വരന്‍ കൊല്‍ക്കത്തയില്‍ പാചകക്കാരനായി ജോലി നോക്കുകയായിരുന്നു. 

വിവാഹത്തിന്‍റെ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ വരൻ മദ്യപിച്ചിട്ടുണ്ടെന്ന് സംഗമിത്ര കണ്ടുപിടിച്ചു. ഉടന്‍ തന്നെ വേദിയിലിരുന്ന വരനെ വഴക്ക് പറഞ്ഞ ശേഷം സംഗമിത്ര മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. സംഭവം ഒത്തുതീർപ്പാക്കാൻ ഇരുവീട്ടുകാരും ശ്രമിച്ചുവെങ്കിലും സുഹൃത്തുക്കള്‍ സംഗമിത്രയ്‍ക്കൊപ്പം ഉറച്ചുനിന്നതോടെ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. തുടർന്ന് വിവാഹം നിശ്ചയ വേളയിൽ വരന് നല്‍കിയ 71,000 രൂപയും ഒരു സ്വര്‍ണ മോതിരവും മാലയും തിരികെ വാങ്ങുകയും ചെയ്‍തു.