ബെം​ഗളൂരു: ദേശവിരുദ്ധരെയെല്ലാം വെടിവച്ചു കൊല്ലണമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടക റവന്യൂ മന്ത്രി ആര്‍ അശോക. മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ച കേസിലെ പ്രതി മുസ്‌ലിം ആയിരുന്നെങ്കില്‍ എങ്ങിനെ പ്രതികരിക്കുമായിരുന്നുവെന്ന ചോദ്യത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

പാകിസ്ഥാന്റെ താളത്തിനൊത്തു തുള്ളുകയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ ഹിന്ദുവോ, മുസ്‌ലിമോ, ക്രിസ്ത്യാനിയോ ആരായിരുന്നാലും വെടിവച്ചുകൊല്ലണമെന്നും അശോക പറഞ്ഞു. നേരത്തെ മുസ്ലിംങ്ങൾക്കെതിരെ വിദ്വേശ പ്രസംഗവുമായി ഹോണലി എംഎല്‍എയും മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ രാഷ്ട്രീയ ഉപദേഷ്ടാവുമായ എംപി രേണുകാചാര്യ രംഗത്തെത്തിയിരുന്നു. പള്ളികളിലിരുന്ന് പ്രാർത്ഥിക്കുന്നതിന് പകരം ആയുധങ്ങൾ ശേഖരിക്കുകയാണ് ചില മുസ്ലീംകൾ ചെയ്യുന്നത് എന്നായിരുന്നു രേണുകാചാര്യയുടെ വിവാദ പ്രസ്താവന.

Read More: 'ബിജെപിക്ക് വോട്ട് നൽകിയില്ലെങ്കിൽ മുസ്ലീങ്ങൾക്ക് വികസന പദ്ധതികളൊന്നുമുണ്ടാകില്ല'; വീണ്ടും വിദ്വേഷ പ്രസ്താവനയുമായി രേണുകാചാര്യ

പൗരത്വ നിയമ ഭേദ​ഗതിയെ അനുകൂലിച്ചുകൊണ്ടുള്ള റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയായിരുന്നു രേണുകാചാര്യയുടെ പരാമർശം. ബിജെപിയ്ക്ക് വോട്ട് നൽകിയില്ലെങ്കിൽ മുസ്ലീം സമുദായങ്ങളുള്ള പ്രദേശങ്ങളെ വികസനപദ്ധതികളിൽ നിന്ന് ഒഴിവാക്കുമെന്നും മുസ്ലിംകൾക്കായി പ്രത്യേകം പാക്കേജുകളൊന്നും സർക്കാർ അവതരിപ്പിക്കില്ലെന്നും രേണുകാചാര്യ പറഞ്ഞു.

Read More: മുസ്ലീം വിഭാ​ഗത്തിനെതിരെ വിദ്വേഷപ്രസം​ഗവുമായി ബിജെപി എംഎൽഎ രേണുകാചാര്യ

തിങ്കളാഴ്ചയാണ് മംഗളൂരു ബജ്പെ രാജ്യാന്തര വിമാനത്താവളത്തിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. കേസിൽ മണിപ്പാൽ സ്വദേശി ആദിത്യ റാവു (36) ബംഗളൂരുവിലെ ഡിജിപി ഓഫീസിലെ കീഴടങ്ങിയിരുന്നു. മംഗളൂരു ബാവുട്ടഗുഡ്ഡയിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ വ്യാഴാഴ്ച 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
  

Read More: മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വച്ച സംഭവം; പ്രതിയെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു