ദില്ലി: കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിംഗ്. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ രാജ്യദ്രോഹികള്‍ പട്ടികളെപ്പോലെ ചാകുമെന്ന് മന്ത്രി പറഞ്ഞു. ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രസ്താവന. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ പേരുമാറ്റി ഹിന്ദുസ്ഥാന്‍ യൂണിവേഴ്സിറ്റിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അലിഗഢ് യൂണിവേഴ്സിറ്റിയിലെ രാജ്യദ്രോഹികള്‍ക്ക് പാകിസ്ഥാനില്‍ പോകണമെങ്കില്‍ അവര്‍ക്ക് പോകാം. പക്ഷേ ഇവിടെയിരുന്ന് കൊണ്ട് ഇവിടത്തെ ജനങ്ങളുടെ ഔദാര്യം പറ്റി രാജ്യത്തിനെതിരെ സംസാരിക്കാമെന്ന് കരുതേണ്ടെന്നും മന്ത്രി പറഞ്ഞു. ഒരുശതമാനം മാത്രം ആളുകളാണ് സിഎഎയെ എതിര്‍ക്കുന്നത്. നമ്മുടെ നികുതി തിന്നതിന് ശേഷം അവര്‍ നേതാക്കള്‍ക്കെതിരെ മൂര്‍ദാബാദ് വിളിക്കുന്നു. എല്ലാ തരത്തിലുള്ള വിശ്വാസികളും ഇവിടെയുണ്ട്. പക്ഷേ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം വിളിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറയുന്നു. നേരത്തെയും വിവാദ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിക്കുന്നവരെ ജീവനോടെ കത്തിക്കുമെന്നായിരുന്നു രഘുരാജ് സിംഗിന്‍റെ പ്രസ്താവന. 

കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും കഴിഞ്ഞ ദിവസം പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാന്‍ പ്രവര്‍ത്തകരെ നിര്‍ബന്ധിച്ചതിലൂടെ വിവാദത്തില്‍പ്പെട്ടിരുന്നു. ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ മുദ്രാവാക്യം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രമന്ത്രിയില്‍ നിന്ന് വിശദീകരണം തേടി.