ഏഴ് കിലോ മീറ്റർ വരെ അകലെയുള്ള ലക്ഷ്യം കൃത്യമായി ഭേദിക്കുന്നതാണ് ഹെലിന മിസൈലിന്റെ കരുത്ത്. ദൃശ്യങ്ങൾ സൈന്യം പുറത്തു വിട്ടു
ദില്ലി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈൽ ഹെലിനയുടെ രണ്ടാമത്തെ പരീക്ഷണവും വിജയം. ലഡാക്കിലാണ് രണ്ടാമത്തെ പരീക്ഷണം നടന്നത്. അഡ്വാൻസ് ലൈറ്റ് ഹെലി കോപ്റ്ററായ ധ്രുവിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. രാജസ്ഥാനിലെ പൊഖ്രാൻ ഫയറിങ് റേഞ്ചിലായിരുന്നു ആദ്യ പരീക്ഷണം. ഏഴ് കിലോ മീറ്റർ വരെ അകലെയുള്ള ലക്ഷ്യം കൃത്യമായി ഭേദിക്കുന്നതാണ് ഹെലിന മിസൈലിന്റെ കരുത്ത്. മിസൈൽ പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ സൈന്യം പുറത്തു വിട്ടു.
Scroll to load tweet…
സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരത്തിലായിരുന്നു ഇന്നത്തെ പരീക്ഷണം. അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ (ALH) നിന്നാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. പ്രതിരോധ ഗവേഷണ വികസന സംഘടനയിലെയും (DRDO) ശാസ്ത്രജ്ഞരും, കര - വ്യോമ സേനാ സംഘങ്ങളും സംയുക്തമായാണ് പ്രയോഗക്ഷമതാ പരിശോധനയുടെ ഭാഗമായുള്ള പരീക്ഷണ വിക്ഷേപണം നടത്തിയത്.ഇന്നത്തെ പരീക്ഷണം വ്യത്യസ്ത റേഞ്ചിലും ഉയരത്തിലുമാണ് നടത്തിയത്. കൃത്രിമമായി സൃഷ്ടിച്ച യുദ്ധ ടാങ്കിനെ ലക്ഷ്യമാക്കി മിസൈൽ വിജയകരമായി വിക്ഷേപിച്ചു. ലോക്ക് ഓൺ ബിഫോർ ലോഞ്ച് മോഡിൽ പ്രവർത്തിക്കുന്ന ഇൻഫ്രാറെഡ് ഇമേജിംഗ് സീക്കർ (IIR) ആണ് മിസൈലിനെ നയിക്കുന്നത്. ലോകത്തിലെ ഏറ്റവും അത്യാധുനിക ടാങ്ക് വേധ ആയുധങ്ങളിൽ ഒന്നാണിത്. വിജയകരമായ രണ്ടാമത്തെ പരീക്ഷണത്തോടെ സായുധ സേനയുടെ ഭാഗമാകാൻ ഹെലിന-ക്ക് സാധിക്കും. നേരത്തെ, രാജസ്ഥാനിലെ പൊഖ്‌റാനിൽ നടത്തിയ പ്രയോഗക്ഷമതാ പരിശോധന ഹെലിന-യുടെ ഉപയോഗം മരുഭൂമിയിലും സാധ്യമാണെന്ന് തെളിഞ്ഞിരുന്നു. അത്യാധുനിക ഫയർ - ആൻഡ് - ഫർഗെറ്റ് മിസൈൽ ആണ് ഹെലിന. നേരിട്ടും മുകളിലൂടെയും മിസൈലിന് ലക്ഷ്യത്തെ ഭേദിക്കാൻ ആകും. കൺവെൻഷണൽ / എക്സ്പ്ലോസീവ് റിയാക്ടീവ് കവചങ്ങളുള്ള യുദ്ധ ടാങ്കുകളെ നശിപ്പിക്കാൻ കഴിയുന്ന, എല്ലാ തരം കാലാവസ്ഥകളിലും, രാവും പകലും ഉപയോഗിക്കാൻ സാധിക്കുന്ന സംവിധാനം ആണ് മിസൈലിനു ഉള്ളത്. ഡിആർഡിഒയിലെ ശാസ്ത്രജ്ഞരും മുതിർന്ന കരസേനാ കമ്മാണ്ടർമാരും പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു.