ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചും കടുത്ത ചോദ്യങ്ങള്‍ ഉന്നയിച്ചും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയുമാണ് കമല്‍നാഥ് ആഞ്ഞടിച്ചത്. യുവാക്കളെ കുറിച്ചും കര്‍ഷകരെപ്പറ്റിയും എപ്പോഴെങ്കിലും മോദി സംസാരിക്കുന്നത് കേട്ടിട്ടുണ്ടോയെന്ന് കമല്‍നാഥ് ചോദിച്ചു.

പക്ഷേ അവര്‍ നമ്മളെ ദേശസ്നേഹം പഠിപ്പിക്കാന്‍ വരും. സ്വന്തം കുടുംബത്തിലെ കാര്യങ്ങള്‍ മറന്നു കൊണ്ട് അദ്ദേഹം നമ്മളോട് ചോദിക്കും, നമ്മളുമായി ബന്ധമുള്ള സ്വതന്ത്ര്യസമര സേനാനികള്‍ ആരെങ്കിലുമുണ്ടോയെന്ന്? കമല്‍നാഥ് പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ച് അവര്‍ ചോദിക്കും. എന്താണ് ദേശീയ പൗരത്വ രജിസ്റ്റര്‍? അതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോകുമ്പോള്‍ അവര്‍ നമ്മളോട് മതം ഏതാണെന്ന് ചോദിക്കും.

അടുത്തതായി നമ്മുടെ പിതാവിന്‍റെ മതം ഏതാണെന്ന് ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അസമിൽ പൗരത്വനിയമഭേദഗതിക്ക് എതിരായ പ്രതിഷേധം കത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുവാഹത്തി സന്ദർശനം റദ്ദാക്കി. വെള്ളിയാഴ്ച അസമിലെത്തി, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു മോദി.

ഗെയിംസിന്‍റെ മൂന്നാം എഡിഷനാണ് അസം തലസ്ഥാനമായ ഗുവാഹത്തിയിൽ നടക്കുന്നത്. ''അസമിലെ ഇപ്പോഴത്തെ സ്ഥിതി, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ഒട്ടും അനുകൂലമല്ല'', എന്ന ഇന്‍റലിജൻസ് വൃത്തങ്ങളുടെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് സന്ദർശനം റദ്ദാക്കിയത്. മോദി അസമിൽ സന്ദർശനം നടത്തിയാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് ഓൾ അസം സ്റ്റുഡന്‍റ്സ് യൂണിയൻ (AASU) മുന്നറിയിപ്പ് നൽകിയിരുന്നു.