കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് അബ്ദുള്ളക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ദില്ലി: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മിറ്റിയുടെ ചെയർമാനായി നിയമിച്ചു (AP Abdullakutty Appointed as the chairman of National Haj Committee).നിയമം അനുസരിച്ച് കേന്ദ്രസർക്കാർ പ്രതിനിധിയായാണ് അബ്ദുള്ളക്കുട്ടിയ ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയമിച്ചത്. 2025 മാർച്ച് 31 വരെയാണ് അബ്ദുള്ളക്കുട്ടിയുടെ കാലാവധി. ദേശീയ ഹജ്ജ് കമ്മിറ്റിയിലേക്കുള്ള കേരളത്തിൻ്റെ പ്രതിനിധിയായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസിയേയും നിയമിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് രണ്ട് വനിതകളെയാണ് നിയമിച്ചിട്ടുള്ളത്. ബി.മുനാവരിയും മഫൂജ ഖാതൂണുമാണ് പുതിയ വൈസ് ചെയർപേഴ്സണ്മാർ. 

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് അബ്ദുള്ളക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കൊവിഡ് വ്യാപനം സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം ഈ വർഷം ഹജ്ജ് അനുവദിച്ച സൗദി സർക്കാരിനോട് നന്ദിയുണ്ട്. എന്നാൽ യാത്രയ്ക്ക് 65 വയസിൻ്റെ പ്രായപരിധി നിയന്ത്രണം വന്നതിനാൽ തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ട്. ഈ സാഹചര്യത്തിൽ അപേക്ഷകരിൽ ഭൂരിഭാഗം പേരെയും കൊണ്ടു പോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഈ വർഷം കേരളത്തിലെ ഹജ്ജ് കേന്ദ്രം കൊച്ചിയായിരിക്കുമെന്നും കോഴിക്കോട് ഹജ്ജ് കേന്ദ്രം വേണമെന്ന ആവശ്യം ന്യായമാണങ്കിലും ഇക്കുറി അതുണ്ടാവില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് ഇത്തവണ 80,000 പേർക്ക് ഹജ്ജിന് പോകാനാവും. കേരളത്തിൽ നിന്ന് എത്ര പേർക്ക് പോകാനാകുമെന്നതിൽ അടുത്ത ആഴ്ച തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.