ചിറ്റൂര്‍(ആന്ധ്രപ്രദേശ്): ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന അന്ധവിശ്വാസത്താല്‍ മക്കളെ കൊലപ്പെടുത്തിയ ദമ്പതികള്‍ പെരുമാറിയത് വിചിത്രമായിട്ടെന്ന് പൊലീസ്. പെണ്‍കുട്ടികളുടെ അമ്മയുടെ പെരുമാറ്റമാണ് ഏറെ ദുരൂഹം. മൃതദേഹത്തിനരികെ അച്ഛന്‍ ഡോ. വി പുരുഷോത്തം നായിഡു വിങ്ങിപ്പൊട്ടി നില്‍ക്കുമ്പോള്‍ ഭാര്യ പത്മജ നൃത്തം ചെയ്യുകയും പാട്ടുപാടുകയും അലറുകയുമായിരുന്നു. കൊറോണവൈറസ് ഉത്ഭവിച്ചത് ചൈനയില്‍ നിന്നല്ലെന്നും കലിയുഗത്തിലെ ദുഷ്ട ശക്തികളെ ഇല്ലാതാക്കാന്‍ ദൈവം സൃഷ്ടിച്ചതാണ് എന്നൊക്കെയാണ് അമ്മ പറയുന്നതെന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക മാധ്യമങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്തു.

ഇവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയപ്പോഴും ഇവര്‍ പൊലീസിനുനേരെ അലറി. ഇവര്‍ സാമ്പിളെടുക്കാന്‍ സമ്മതിച്ചില്ല. കൊറോണവൈറസ് മനുഷ്യശരീരത്തിലുള്ളതാണെന്നും പരിശോധിക്കേണ്ട ആവശ്യമില്ലെന്നും ഇവര്‍ പറഞ്ഞതായി പൊലീസ് പറയുന്നു. ശിവന്റെ :അവതാരമാണ് താനെന്നും ഇവര്‍ പറയുന്നുണ്ടായിരുന്നു. വിചിത്രമായിട്ടാണ് ഇവര്‍ പെരുമാറിയതെന്ന് പൊലീസ് വ്യക്തമാക്കി. മക്കളായ അലേഖ്യ(27), സായി ദിവ്യ(22) എന്നിവരെയാണ് മന്ത്രവാദത്തിന്റെ പേരില്‍ ഇവര്‍ കൊലപ്പെടുത്തിയത്. കേസില്‍ നായിഡു ഒന്നാം പ്രതിയും പത്മജ രണ്ടാം പ്രതിയുമാണ്. 

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് ചിറ്റൂര്‍ ജില്ലയിലെ മഡനപ്പള്ളിയില്‍ ഉണ്ടായത്. മന്ത്രവാദിയുടെ വാക്കുകേട്ട് സര്‍ക്കാര്‍ കോളേജിലെ അസി. പ്രൊഫസറായ അച്ഛനും സ്‌കൂള്‍ പ്രിന്‍സിപ്പളായ അമ്മയും മക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ പട്ടുതുണിയില്‍ ചുറ്റി പൂജാമുറിയില്‍ വെച്ച് പൂജ ചെയ്യുകയായിരുന്നു. എല്ലാ ദോഷവും മാറി മക്കള്‍ പുനര്‍ജനിക്കുമെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.