Asianet News MalayalamAsianet News Malayalam

പോൾ മുത്തൂറ്റ് വധക്കേസ്; 8 പ്രതികളുടെ ശിക്ഷ റദ്ദാക്കിയതിനെതിരെ നൽകിയ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ്

ഹൈക്കോടതിയിൽ കേസ് എത്തിയപ്പോൾ കോടതി എല്ലാ കാര്യങ്ങളും പരിഗണിച്ചില്ലെന്നും കൊലപാതകം നടത്തിയത് രണ്ടാം പ്രതിയായ കാരി സതീഷ് മാത്രമാണെന്ന സാങ്കേതികത്വം കണക്കിലെടുത്ത് മറ്റ് പ്രതികളെ വിട്ടയച്ചതെന്നും ഹർജിയില്‍ പറയുന്നു. 

Appellate Supreme Court notice issued against cancellation of sentence of 8 accused in Paul Moothoot murder case
Author
First Published Jan 5, 2023, 12:31 PM IST

ദില്ലി:  സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഏട്ട് പേരുടെ ശിക്ഷ റദ്ദാക്കിയതിനെതിരെ മുത്തൂറ്റ് കുടുംബം നല്‍കിയ അപ്പീലില്‍ സുപ്രിം കോടതി നോട്ടീസ് അയച്ചു. ഹർജി പരിഗണിച്ച് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് കേസിലെ എല്ലാ പ്രതികൾക്കും നോട്ടീസ് നൽകാൻ നിർദ്ദേശം നൽകി. 2019 സെപ്തംബർ അഞ്ചിനാണ് പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഏട്ട് പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കിയത്. 

രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ളവരുടെ ശിക്ഷയാണ് ഹൈക്കോടതി ഒഴിവാക്കിയത്. ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി ഫൈസല്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍ എന്നിവരുടെ മേല്‍ ചുമത്തിയിരുന്ന കൊലക്കുറ്റവും കോടതി നീക്കിയിരുന്നു. ഇവര്‍ കുറ്റകൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തെന്ന് പറയത്തക്ക തെളിവുകളില്ലെന്ന് നിരീക്ഷിച്ചായിരുന്നു കേരള ഹൈക്കോടതി നടപടി. ഹൈക്കോടതി വിധിക്കെതിരെ സിബിഐ ഇതുവരെ അപ്പീൽ ഫയൽ ചെയ്തിരുന്നില്ല. ഇതോടെയാണ് പോൾ മൂത്തൂറ്റിന്‍റെ കുടുംബം നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചത്. 

എട്ട് പ്രതികളുടെ ജീവപര്യന്തം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രത്യേകം പ്രത്യേകം അപ്പീലാണ് നൽകിയത്. കേസിലെ ഒന്നാം പ്രതി ജയചന്ദ്രനെ വിട്ടയച്ച വിധിക്കെതിരായ അപ്പീല്‍ കഴിഞ്ഞ ജൂലൈയിൽ പരിഗണിച്ച ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ച് കേസ് ഗൗരവകരമായി കാണേണ്ടതാണെന്നും കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മറ്റ് പ്രതികളുടെ ശിക്ഷ റദ്ദാക്കിയതിനെതിരായ ഹർജി പരിഗണിച്ച കോടതി കേസിൽ നോട്ടീസ് നൽകാൻ നിർദ്ദേശം നൽകിയത്.  

ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് എല്ലാ വശങ്ങളും പരിഗണിച്ചാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്. എന്നാൽ ഹൈക്കോടതിയിൽ കേസ് എത്തിയപ്പോൾ കോടതി എല്ലാ കാര്യങ്ങളും പരിഗണിച്ചില്ലെന്നും കൊലപാതകം നടത്തിയത് രണ്ടാം പ്രതിയായ കാരി സതീഷ് മാത്രമാണെന്ന സാങ്കേതികത്വം കണക്കിലെടുത്താണ് മറ്റ് പ്രതികളെ വിട്ടയച്ചതെന്നും ഇതുവഴി സ്വഭാവിക നീതി നിഷേധിക്കപ്പെട്ടെന്നുമാണ് ജോർജ്ജ് മുത്തൂറ്റ് ജോർജ്ജ് ഹർജിയില്‍ പറയുന്നത്. ജോർജ്ജ് മുത്തൂറ്റ് ജോർജ്ജിനായി കെ എം എൻ പി അസോസിയേറ്റ്സ് വഴി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്. 2009 ആഗസ്ത് 22 ന് രാത്രിയാണ് നെടുമുടി പൊങയില്‍ വെച്ച് മുത്തൂറ്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ എം ജോര്‍ജ് കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് പിന്നീട് സി ബി ഐ അന്വേഷിക്കുകയായിരുന്നു. 2015 സെപ്റ്റംബറില്‍ തിരുവനന്തപുരം സി ബി ഐ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

Follow Us:
Download App:
  • android
  • ios