പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്ന് രാഹുല്‍ഗാന്ധിയാണ് വാർത്താ സമ്മേളനം നടത്തി ആരോപിച്ചത്

ദില്ലി : രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഉയർത്തിയ ആപ്പിൾ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിനിടെ സെർട്ട് (കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം) വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കി. സൈബർ ആക്രമണങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട കേസുകള് കൈകാര്യം ചെയ്യുന്ന കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുളള ഏജൻസിയാണ് കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. 

ഇന്റലിജൻസ് ബ്യൂറോ, റോ , ഇഡി, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അടക്കം ഇരുപതിലേറെ സുരക്ഷാ കേന്ദ്ര സർക്കാർ ഏജൻസികളാണ് നിലവിൽ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഇൌ പട്ടികയിലേക്കാണ് സെർട്ട് ഇനിനെ ഉൾപ്പെടുത്തിയത്. ഇത്തരം സ്ഥാപനങ്ങളിലേക്കുളള സാധാരണ വിവരാവകാശ അപേക്ഷകൾ നിരസിക്കാനാകും. എന്നാൽ അഴിമതി, മനുഷ്യാവകാശ ലംഘനം എന്നിവ വിഷയങ്ങളിൽ കേന്ദ്ര വിവരാവകാശ കമ്മിഷന്റെ അനുമതിയോടെ ഏതൊരാൾക്കും വിവരങ്ങൾ തേടാം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഐഫോണുകളിലെ വിവരങ്ങൾ ചോർത്തിയെന്ന ആപ്പിൾ സുരക്ഷാ മുന്നറിയിപ്പു ഏറെ വിവാദമായിരുന്നു. 

പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്ന് രാഹുല്‍ഗാന്ധിയാണ് വാർത്താ സമ്മേളനം നടത്തി ആരോപിച്ചത്. ഫോൺ ചോർത്തൽ ഭീഷണി സന്ദേശങ്ങൾ ചിലപ്പോൾ തെറ്റായ മുന്നറിയിപ്പുകളാകാമെന്നും അല്ലെങ്കില്‍ ചിലപ്പോള്‍ കണ്ടെത്താന്‍ കഴിയാത്ത ഭീഷണി സന്ദേശങ്ങളുമാകാമെന്നും ആപ്പിള്‍ കമ്പനി പ്രതികരിച്ചിരുന്നു. സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുള്ള ആക്രമണങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും ഇപ്പോൾ ഇത്തരം ഭീഷണി സന്ദേശങ്ങൾ വന്നതിന്‍റെ കാരണങ്ങള്‍ സംബന്ധിച്ച വിവരങ്ങൾ നൽകാൻ കഴിയുന്നില്ലെന്നും ആപ്പിൾ വിശദീകരിച്ചു. പിന്നാലെ ചോർത്തൽ ഭീഷണിക്ക് പിന്നിൽ ചൈനയാണെന്ന ആരോപണവുമായി ബിജെപി നേതാക്കൾ തന്നെ രംഗത്ത് വന്നിരുന്നു. ചൈനാ അനുകൂല വ്യവസായി ജോർജ് സോറോസിന് പങ്കുണ്ടെന്നും ആരോപണം ഉന്നയിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്