ഈ വർഷം ജൂലൈ 12നാണ് 62-കാരനായ ഫെര്‍ഗസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിൽ നിന്നാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ മുതിർന്ന ഉദ്യോഗസ്ഥനെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. സാറ്റലൈറ്റ് ഫോൺ കസ്റ്റഡിയിൽ വെച്ചതിനെ തുടർന്നായിരുന്നു ഇദ്ദേഹത്തിന് തടവിൽ കഴിയേണ്ടി വന്നത്. ഒടുവിൽ പിഴയടച്ച ശേഷം ഒരാഴ്ചയ്ക്ക് ശേഷം ഇദ്ദേഹം പുറത്തിറങ്ങി. പിന്നീട് സൗദിയിലേക്ക് മടങ്ങിയെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ഈ വർഷം ജൂലൈ 12നാണ് 62-കാരനായ ഫെര്‍ഗസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിൽ നിന്നാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയിൽ നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമായി, ഇദ്ദേഹം സാറ്റലൈറ്റ് ഫോൺ കൈവശം വെച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് ചമോലി എസ് പി ശ്വേത ചൗബേ വിശദീകരിക്കുന്നത്. 

വിദേശത്ത് നിന്ന എത്തുന്നവർക്ക് ഇന്ത്യയിൽ ഉപഗ്രഹ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ചൈനയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം കൂടിയായതിനാലാണ് നടപടിയെന്നും പൊലീസ് വ്യക്തമാക്കി.ആയിരം രൂപ പിഴയടച്ചതിന് പിന്നാലെയാണ് ഫെര്‍ഗസിനെ വിട്ടയച്ചതെന്നും പൊലീസ് വ്യക്തമാക്കി.

മുംബൈയിൽ 2008 ൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. അന്ന് മുംബൈ ഭീകരാക്രമണം നടത്തിയ ഭീകരർ ഉപയോഗിച്ചത് സാറ്റലൈറ്റ് ഫോണായിരുന്നു. എന്നാൽ ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണിന് വിലക്കുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ഫെർഗസ് പറയുന്നത്.

ഉത്തരാഖണ്ഡിലെ ചമോലി ജയിലിൽ ജൂലൈ 28 വരെയാണ് ഇദ്ദേഹം തടവിൽ കഴിഞ്ഞത്. അവധിക്കാലം ആഘോഷിക്കുന്നതിനായിരുന്നു ഫെർഗസ് അരാംകോയിലെ അടക്കം സുഹൃത്തുക്കൾക്കൊപ്പം ഇന്ത്യയിലെത്തിയത്.