'ജെയ്റ്റ്‍ലി ഞാന്‍ നിങ്ങളോട് യോജിക്കുന്നു. പക്ഷേ മുമ്പ് മോദിയുടെ ഇത്തരത്തിലൊരു ചിത്രം പങ്കുവെച്ചതിന് നിങ്ങള്‍ എനിക്കെതിരെ രംഗത്തെത്തിയിരുന്നില്ലേ'. അപ്പോള്‍ മോദി ഏകാധിപതിയാണെന്നാണോ നിങ്ങള്‍ പറയുന്നതെന്നായിരുന്നു ദിവ്യ സ്പന്ദനയുടെ ട്വീറ്റ്.
ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തെ ന്യായീകരിച്ച കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റ്‍ലിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന രംഗത്തെത്തി. 'മോദിയുടെ ഒരു ചിത്രം ഞാന്‍ പങ്കുവെച്ചപ്പോള്‍ ബിജെപി എനിക്കെതിരെ രംഗത്തെത്തിയിരുന്നുവെന്നും മമതാബാനര്‍ജിയ്ക്കെതിരായ നിങ്ങളുടെ പരാമര്‍ശത്തില്‍ നിന്നും മോദി ഏകാധിപതിയാണെന്നാണോ കരുതേണ്ടതെന്നും ദിവ്യ സ്പന്ദന ചോദിച്ചു.
മമതയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ച സംഭവത്തെ അനുകൂലിച്ച് നേരത്തെ ജെയ്റ്റ്‍ലി ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. 'തമാശ ആക്ഷേപഹാസ്യം, എന്നിവ ഏകാധിപത്യ ഭരണത്തില്‍ നിലനില്‍ക്കില്ല. ഏകാധിപതികള്‍ ജനങ്ങളെ നോക്കി ചിരിക്കും. ജനങ്ങള്‍ അവരെ നോക്കി ചിരിക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെടില്ല. ബംഗാളില്‍ സംഭവിക്കുന്നത് അതാണ്' എന്നായിരുന്നു അരുണ്‍ജെയ്റ്റ്‍ലിയുടെ ട്വീറ്റ്.
ഇതിന് മറുപടിയുമായാണ് ദിവ്യസ്പന്ദന രംഗത്തെത്തിയത്. 'ജെയ്റ്റ്‍ലി ഞാന്‍ നിങ്ങളോട് യോജിക്കുന്നു. പക്ഷേ മുമ്പ് മോദിയുടെ ഇത്തരത്തിലൊരു ചിത്രം പങ്കുവെച്ചതിന് നിങ്ങള്‍ എനിക്കെതിരെ രംഗത്തെത്തിയിരുന്നില്ലേ. അപ്പോള്‍ മോദി ഏകാധിപതിയാണെന്നാണോ നിങ്ങള്‍ പറയുന്നതെന്നായിരുന്നു ദിവ്യ സ്പന്ദനയുടെ ട്വീറ്റ്.
കഴിഞ്ഞ സെപ്റ്റംബറില്‍ ദിവ്യ സ്പന്ദന മോദിയുടെ ഒരു ഫോട്ടോ ഷോപ്പ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. മോദിയുടെ വാക്സ് പ്രതിമയ്ക്ക് മുകളില്‍ ചോര്‍ (കള്ളന്‍) എന്ന് മോദി തന്നെ എഴുതുന്നതായിരുന്നു ചിത്രം. ഇതിനെതിരെ ബിജെപി രംഗത്തെത്തുകയും ദിവ്യയ്ക്കെതിരെ കേസ് എടുക്കുകും ചെയ്തിരുന്നു. ആ സംഭവത്തിനെതിരെ രംഗത്തെത്തിയവര്‍ എങ്ങനെയാണ് മമതയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനെ അനുകൂലിക്കുകയെന്നാണ് ദിവ്യയുടെ ചോദ്യം.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസില്‍ പൊലീസ് യുവമോര്‍ച്ച ഹൗറ കണ്‍വീനര്‍ പ്രിയങ്ക ശര്‍മയെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ പ്രിയങ്ക ശര്‍മയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും പ്രിയങ്ക ശർമ മമതയോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയില്‍ പ്രിയങ്ക ചോപ്ര ധരിച്ച ചിത്രത്തില്‍ മമതയുടെ മുഖം മോർഫ് ചെയ്ത് പ്രിയങ്ക ശര്‍മ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
