മഹാരാഷ്ട്രയിലെ 29 മുൻസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് നടക്കും, 12 മണിയോടെ ഫലം വ്യക്തമാകും. മഹായുതിയും മഹാവികാസ് അഖാഡിയും തമ്മിലാണ് പ്രധാന മത്സരം, മുംബൈ കോർപ്പറേഷൻ ഫലമാണ് ഏറ്റവും നിർണ്ണായകം.
മുംബൈ: മഹാരാഷ്ട്രയിലെ 29 മുൻസിപ്പൽ കോർപ്പറേഷനുകളിൽ ആര് ഭരിക്കുമെന്ന് ഇന്ന് അറിയാം. 10 മണിയോടെ വോട്ടോണ്ണൽ തുടങ്ങും. 12 മണിയോടെ ചിത്രം വ്യക്തമാകും. എൻഡിഎയുടെ മഹായുതിയും ഇന്ത്യ മുന്നണിയുടെ മഹാവികാസ് അഖാഡിയും തമ്മിലായിരുന്നു മത്സരം. പൂനെയിൽ എൻസിപി ശരത് പവാർ - അജിത് പവാർ വിഭാഗങ്ങൾ സംയുക്തമായാണ് മത്സരിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ മുനിസിപ്പൽ കോർപ്പറേഷൻ ആയ മുംബൈ ആര് പിടിക്കും എന്നതാണ് ഏറ്റവും നിർണായകം.
എക്സിറ്റ് പോളുകൾ പറയുന്നത്
അതേസമയം, വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി-ശിവസേന (ഏക്നാഥ് ഷിൻഡെ) സഖ്യത്തിന് വൻ വിജയം പ്രവചിക്കുന്നു. മൈ ആക്സിസ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, മഹായുതി സഖ്യം 131 മുതൽ 151 വരെ സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിക്കും. ദശകങ്ങൾക്ക് ശേഷം കൈകോർത്ത ഉദ്ധവ് താക്കറെയുടെയും രാജ് താക്കറെയുടെയും സഖ്യത്തിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിയില്ലെന്നാണ് പ്രവചനം.
പൂനെയിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സാം ടിവി പ്രവചിക്കുന്നു. ബിജെപി 70 സീറ്റുകൾ നേടുമെന്നാണ് സൂചന. എൻസിപി (അജിത് പവാർ) 55 സീറ്റുകളും എൻസിപി (ശരദ് പവാർ) 10 സീറ്റുകളും നേടിയേക്കാം. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ തട്ടകമായ താനെയിൽ ഷിൻഡെ പക്ഷം ആധിപത്യം തുടരുമെന്നാണ് റിപ്പോർട്ടുകൾ. ശിവസേന 72 സീറ്റുകളും ബിജെപി 26 സീറ്റുകളും നേടുമെന്ന് കരുതപ്പെടുന്നു. വിരലിലെ മഷി മായ്ച്ചു കളയാനാകുമെന്ന ഉദ്ധവ് താക്കറെയുടെയും രാജ് താക്കറെയുടെയും പരാതികൾ തെരഞ്ഞെടുപ്പിൽ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു.


