ജമ്മു കശ്മീരിൽ വൻ ആയുധശേഖരം പിടികൂടി. കുപ്‌വാര ജില്ലയിലെ കെരാൻ സെക്ടറിൽ നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തി ആയുധങ്ങൾ പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഓപ്പറേഷൻ എന്ന് സൈന്യം.
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ സൈന്യം വൻ ആയുധശേഖരം പിടികൂടി. കെരാൻ സെക്ടറിൽ നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തി ആയുധങ്ങൾ പിടിച്ചെടുത്തത്. കൃത്യമായ രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ നടത്തിയതെന്ന് കരസേനയുടെ ചിനാർ കോർപ്‌സ് അറിയിച്ചു.
ജൂലൈ ആറിനാണ് കെരാൻ സെക്ടറിലെ ജനറൽ ഏരിയയിൽ തെരച്ചിൽ ആരംഭിച്ചതെന്ന് ചിനാർ കോർപ്‌സ് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ അറിയിച്ചു. ഈ തെരച്ചിലിലാണ് ഒളിത്താവളം തകർത്തത്. അഞ്ച് എകെ സീരീസ് റൈഫിളുകൾ, ഒമ്പത് എകെ മാഗസിനുകൾ, ഒരു ഹാൻഡ് ഗ്രനേഡ്, വൻതോതിലുള്ള വെടിക്കോപ്പുകൾ, മറ്റ് യുദ്ധസാമഗ്രികൾ എന്നിവ ഇവിടെ നിന്ന് കണ്ടെടുത്തതായി കരസേന അറിയിച്ചു.
ജൂൺ നാലിന് ചിനാർ കോർപ്‌സ് അമർനാഥ് യാത്രയുടെ കവാടം എന്നറിയപ്പെടുന്ന ചന്ദൻവാരിയിൽ സൈന്യം കൂറ്റൻ ദേശീയ പതാക സ്ഥാപിച്ചിരുന്നു. പരമ്പരാഗത പഹൽഗാം റൂട്ടിലാണ് ഈ സ്ഥലം. രാജ്യത്തിന്റെ ഐക്യവും ദേശസ്‌നേഹവും വളർത്തുന്നതിനും സൈന്യവും ജമ്മു കശ്മീരിലെ ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് പതാക സ്ഥാപിച്ചതെന്ന് സൈന്യം വ്യക്തമാക്കി.
ചന്ദൻവാരിയിലെ മനോഹരമായ മലനിരകൾക്ക് നടുവിൽ ഉയർന്നുനിൽക്കുന്ന ഈ പതാക, അമർനാഥ് യാത്രയ്ക്ക് എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും പ്രചോദനമാകുമെന്നും സൈന്യം കൂട്ടിച്ചേർത്തു.


