ദില്ലി: കര്‍ഷക സംഘടനകളുടെ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ച് തടയാന്‍ പൊലീസിനൊപ്പം സൈന്യവും.  രാജസ്ഥാനിലെ കോട്ട് പുത്തലിയിൽ നിന്ന് നൂറു കണക്കിന് കർഷകർ രാജസ്ഥാൻ ഹരിയാന അതിർത്തിയായ ഷജഹാൻപൂരിലേക്ക് തിരിച്ചിട്ടു. ഷാജഹാന്‍പൂരില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് തടയാന്‍ റോഡില്‍ ഭീമന്‍  കോണ്‍ക്രീറ്റ് ബീമുകളും തയ്യാറാക്കിയിട്ടുണ്ട്. എസ്‍ഡിഎം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് ദില്ലിയിലേക്ക് മാർച്ച് തുടങ്ങിയ കർഷകർ നാളെ നിരാഹാരസമരം പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബിൽ നിന്ന് സ്ത്രീകൾ ഉൾപ്പടെ കൂടുതൽ കർഷകർ അതിർത്തിയിലെത്തി. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത്ര ചൗട്ടാല ഇന്നലെ കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചർച്ചകളിൽ താങ്ങുവിലയ്ക്കായി പ്രത്യേക നിയമം എന്ന നിർദ്ദേശം ചർച്ച ചെയ്തു എന്നാണ് സൂചന. സമരം 48 മണിക്കൂറിൽ തീരും എന്ന് ദുഷ്യന്ത് ചൗട്ടാല പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. നാളെ കർഷകസംഘടനകളുമായി വീണ്ടും ചർച്ചയാവാം എന്ന സൂചന കൃഷിമന്ത്രി നല്കി. സമരത്തിലുള്ള ചില നേതാക്കളെ ഇക്കാര്യം സർക്കാർ പ്രതിനിധികൾ അറിയിച്ചു. എന്നാൽ ആദ്യ ചർച്ച ബില്ലുകൾ പിൻവലിക്കുന്നതിനെക്കുറിച്ചാകണം എന്ന നിലപാടിൽ സംഘടനകൾ ഉറച്ചു നില്ക്കുകയാണ്.

ഹരിയാനയിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചതും ബിജെപിക്ക് വെല്ലുവിളിയാവുകയാണ്. നാളെ സിംഗുവിൽ കർഷക നേതാക്കൾ നിരാഹാരമിരിക്കും. ദില്ലി ചലോ ആഹ്വാനത്തിനനുസരിച്ച് കൂടുതൽ കർഷകർ ദേശീയപാതകളിലേക്ക് നീങ്ങുന്നത് തലസ്ഥാന നഗരത്തിലേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കത്തെ ബാധിച്ചേക്കും.