ദില്ലി: ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ ഗുജറാത്തില്‍ സൈന്യത്തെ നിയോഗിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കരസേന. ചില അച്ചടി മാധ്യമങ്ങളിലടക്കം വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും വ്യാജവുമാണ്. സൈനികരുടെ അവധി തടഞ്ഞതായും, വിരമിക്കാനിരിക്കുന്നവരുടെ നീക്കങ്ങള്‍ മരവിപ്പിച്ചതായുമുള്ള വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്ന് കരസേന വ്യക്തമാക്കി.

വാര്‍ത്തകള്‍ സ്ഥിരീകരിക്കാതെ പ്രസിദ്ധപ്പെടുത്തരുതെന്നും കരസേന ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ സാമൂഹിക മാധ്യങ്ങളിലടക്കം നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ സേനയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 

ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന അത്തരം സാഹചര്യങ്ങള്‍ തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ഈ സാഹചര്യം നേരിടാന്‍ ഇടപെടാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.