അതിർത്തിയിൽ വിഘടനവാദികളുമായി ഏറ്റുമുട്ടുന്നതിനിടെ ശത്രുക്കളുടെ വെടിയേറ്റാണ് ജവാൻ വീരചരമം പ്രാപിച്ചത്
ആഗ്ര: വിഘടനവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം വീട്ടിലെത്തിയത് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച മകനെ കുറിച്ച് അഭിമാനിക്കുന്നതായി അച്ഛൻ. മെയ് 31 ന് ആസാം ബോർഡറിൽ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് ആസാം എന്ന വിഘടനവാദികളുമായി ഏറ്റുമുട്ടിയാണ് ശിപായി അമിത് ചതുർവേദി കൊല്ലപ്പെട്ടത്. ഇന്നലെയായിരുന്നു ആഗ്രയിലെ ഫത്തേപ്പൂർ സിക്രിക്ക് സമീപം കഗറോൽ എന്ന ഗ്രാമത്തിലെ ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്. ഇന്നലെ തന്നെയായിരുന്നു അമിതിന്റെ ജന്മദിനവും.
ഇന്ത്യൻ ആർമിയുടെ 17ാം പാര ഫീൽഡ് റെജിമെന്റിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. 2014 ലായിരുന്നു സൈന്യത്തിൽ ചേർന്നത്. ഏപ്രിലിൽ അവധിക്ക് വന്ന് മാതാപിതാക്കൾക്കൊപ്പം താമസിച്ച് മടങ്ങിയതായിരുന്നു ഈ 26 കാരൻ. പിറന്നാൾ ദിനത്തിൽ വലിയൊരു പാർട്ടി നടത്തുമെന്ന് സഹപ്രവർത്തകർക്ക് വാക്ക് നൽകിയ ശേഷമായിരുന്നു ഏറ്റുമുട്ടൽ. വിവാഹത്തിനുള്ള തീയ്യതി കുറിച്ച ശേഷമായിരുന്നു അമിതിന്റെ മരണം.
സൈന്യത്തിൽ സുബേദാറായി വിരമിച്ച ആളായിരുന്നു അമിതിന്റെ പിതാവ് രാംവീർ ചൗധരി. തന്റെ മകനെ ഓർത്ത് അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. അമിതിന്റെ സഹോദരങ്ങളായ സുമിതും അരുണും സൈന്യത്തിലാണ്. കഗറോൽ ഗ്രാമത്തിലേക്കുള്ള പ്രധാന പാതയിൽ അമിതിന്റെ പ്രതിമ നിർമ്മിക്കണമെന്ന ആവശ്യം ഗ്രാമവാസികൾ മുന്നോട്ട് വച്ചിട്ടുണ്ട്.
