ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ കരസേന ജവാന്‍ മരിച്ചു. രണ്ട് ജവാന്മാർക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പരിക്കേറ്റ ജവാന്മാരെ ഉദ്ദംപൂരിലെ കരസേന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പൂഞ്ചിലെ ഷാപൂർ കിർനി മേഖലയില്‍ നിയന്ത്രണരേഖക്ക് സമീപമാണ് കഴിഞ്ഞ ദിവസം രാത്രി പാക്കിസ്ഥാന്‍ സേന വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. ജൂണ്‍ നാലിനും പത്തിനും ജമ്മുകാശ്മീരിലെ രജൗരി ജില്ലയില്‍‍ പാക്കിസ്ഥാന്‍ സേന നടത്തിയ ആക്രമണങ്ങളില്‍ രണ്ട് ജവാന്മാർ മരിച്ചിരുന്നു. ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ നിരവധി പാക്കിസ്ഥാന്‍ പോസ്റ്റുകൾ തകർന്നിരുന്നു.

കൊവിഡ് വൈറസ് വ്യാപനം ഇന്ത്യയിലും പാകിസ്ഥാനിലും ഒരേ രീതിയിൽ വെല്ലുവിളി ഉയർത്തുന്നുവെങ്കിലും അതിർത്തിയിലെ പാക് പ്രകോപനം പക്ഷേ കൂടുകയാണ് ചെയ്തത് സേനാ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുവരെ രണ്ടായിരത്തിലേറെ തവണ അതിർത്തിയിൽ പലയിടത്തായി പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാണ് സേനാവൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയത്.