ദില്ലി: മുന്‍കരുതല്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യന്‍ സേനയിലെ പട്ടാളക്കാര്‍ വാട്സ് ആപ് ഗ്രൂപുകള്‍ ഉപേക്ഷിക്കുന്നു. മേജര്‍ ജനറല്‍, ലെഫ്. ജനറല്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ വാട്സ് ആപ് ഗ്രൂപ്പുകളില്‍നിന്ന് പിന്മാറുകയാണ്. രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് പിന്മാറ്റം. വാട്സ് ആപ് ഗ്രൂപ്പുകളില്‍ സജീവമാകുന്നത് ഹണിട്രാപ്പിന് സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഫോണ്‍ വഴി ശത്രുക്കള്‍ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നടപടി.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍ വഴിയും വിവരങ്ങള്‍ ചോര്‍ത്തിയതിന് ചില ഉദ്യോഗസ്ഥര്‍ സൈനിക വിചാരണ നേരിട്ടിരുന്നു. ഇന്ത്യന്‍ സൈന്യത്തില്‍ ഏകദേശം 13 ലക്ഷം പേരാണുള്ളത്. വാട്സ് ആപ് ഗ്രൂപ്പുകളിലെ മുഴുവന്‍ നമ്പറുകളും തിരിച്ചറിയാന്‍ സാധിക്കുകയില്ലെന്നും ഔദ്യോഗിക വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സാമൂഹ്യമാധ്യമങ്ങളില്‍നിന്നും പിന്‍വാങ്ങാന്‍ നിര്‍ദേശമുണ്ട്. സൈനികരുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകള്‍ നിര്‍മിക്കുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍, സര്‍ക്കാറിനെതിരെയുള്ള സൈനികരുടെ വിമര്‍ശനങ്ങളും അതൃപ്തിയും പരസ്യമാകാതിരിക്കാനാണ് നടപടിയെന്നും വിമര്‍ശനമുണ്ട്.