Asianet News MalayalamAsianet News Malayalam

അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ഇടക്കാല ജാമ്യം നൽകണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം മുംബൈഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി  ഉത്തരവിനെതിരെയാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്. 

arnab goswami got bail from supreme court
Author
DELHI, First Published Nov 11, 2020, 4:21 PM IST

ദില്ലി: മുംബൈയിലെ ഇൻറീരിയർ ഡിസൈനർ അൻവയ് നായിക്കിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാപ്രേരണക്കേസിൽ റിപ്പബ്ളിക് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.  ജാമ്യം അനുവദിക്കാത്ത ഹൈക്കോടതി വിധി തെറ്റായിരുന്നെന്ന് രേഖപ്പെടുത്തിയാണ് സുപ്രീംകോടതി നടപടി. അമ്പതിനായിരം രൂപ കെട്ടിവെച്ച് അർണബിനെയും മറ്റ് രണ്ട് പ്രതികളെയും മോചിപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇടക്കാല ജാമ്യം നല്കാത്ത ബോബെ ഹൈക്കോടതി വിധിക്കെതിരായ അർണബിൻറെ ഹർജി ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ഇന്ദിരാ ബാനർജിയും ഉൾപ്പടെ അവധിക്കാല ബഞ്ചാണ് പരിഗണിച്ചത്. എട്ട് ദിവസങ്ങൾക്ക് ശേഷമാണ് അർണബിന് ജാമ്യം ലഭിക്കുന്നത്. 

കേസിൽ വാദം തുടങ്ങിയപ്പോൾ തന്നെ ഹൈക്കോടതി നിലപാടിനെ ജസ്റ്റിസ് ചന്ദ്രചൂഡ് വിമർശിച്ചു. വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഭരണഘടനാ കോടതികൾക്കായില്ലെങ്കിൽ പിന്നെ ആർക്ക് കഴിയുമെന്ന് കോടതി ചോദിച്ചു. കേസ് നിലനില്ക്കുമോ എന്ന അടിസ്ഥാന വിഷയത്തെക്കുറിച്ച് ഹൈക്കോടതി ഒന്നും പറഞ്ഞിട്ടില്ല. ആത്മഹത്യ ചെയ്ത ആൾക്ക് ഒരാൾ പണം നല്കാനുള്ളത് കൊണ്ട് മാത്രം എങ്ങനെ പ്രേരണ കേസ് ചുമത്തുമെന്നും  ചന്ദ്രചൂഡ്  ആരാഞ്ഞു .

ഹൈക്കോടതികൾ അവരുടെ ചുമതല നിറവേറ്റുന്നതിൽ പരാജയപ്പെടുന്നത് തുടർച്ചയായി കാണുന്നു. ട്വീറ്റുകളുടെ പേരിൽ പോലും ആൾക്കാരെ ജയിലിൽ അടയ്ക്കുന്നു. സർക്കാരുകൾ ഒരാളെ കുടുക്കാൻ നോക്കിയാൽ സുപ്രീംകോടതി ഇടപെടുക തന്നെ ചെയ്യുമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.

സെഷൻസ് കോടതി ജാമ്യപേക്ഷ നാളെ കേൾക്കാനിരിക്കെ തീരുമാനം എടുക്കരുതെന്ന് മഹാരാഷ്ട്ര സർക്കാരിനു വേണ്ടി കപിൽ സിബൽ ആവശ്യപ്പെട്ടു. മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനായുള്ള ഹർജി നാലാഴ്ചത്തേക്ക് മാറ്റിയതും സിബൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് തളളിയ കോടതി ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് രേഖപ്പെടുത്തിയാണ് ജാമ്യം നല്കിയത്. ഉത്തരവ് നടപ്പായെന്ന് റായിഗഡ് പൊലീസ് അറിയിക്കണം. വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. അർണബിൻറെ ചാനൽ കാണാറില്ലെന്നും വ്യക്തിസ്വാതന്ത്യം സംരക്ഷിക്കാൻ അത് തടസ്സമല്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പരാമർശിച്ചു. ആത്മഹത്യപ്രേരണ കേസ് നിലനില്ക്കുമോ എന്ന് പിന്നീട് കോടതി തീരുമാനിക്കും. 
 

Follow Us:
Download App:
  • android
  • ios