മുംബൈ: പത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ നിന്ന് രാജിവച്ച് റിപബ്ലിക് ടിവി സ്ഥാപകന്‍ അര്‍ണാബ് ഗോസ്വാമി. ലോക്ക്ഡൌണിന് ഇടയില്‍ മഹാരാഷ്ട്രയിലെ പാൽഘറില്‍ നടന്ന നരഹത്യയില്‍ എഡിറ്റേഴ്സ് ഗില്‍ഡ്  ഓഫ് ഇന്ത്യ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി. തിങ്കളാഴ്ച രാത്രി റിപ്പബ്ലിക് ചാനലില്‍ നടന്ന തത്സമയ പരിപാടിക്കിടെയാണ് അര്‍ണാബ് രാജി പ്രഖ്യാപിച്ചത്. 

എഡിറ്റേഴ്സ് ഗില്‍ഡ്  ഓഫ് ഇന്ത്യ ചെയര്‍മാന്‍ ശേഖര്‍ ഗുപ്തയുടെ മൌനം അംഗീകരിക്കാനാവില്ലെന്ന് അര്‍ണാബ് പറഞ്ഞു. പാൽഘറില്‍ നടന്ന നരഹത്യയെക്കുറിച്ചായിരുന്നു തത്സമയ ചര്‍ച്ചാ പരിപാടി നടന്നത്. ആളെ തിരിച്ചറിയാതെ നടന്ന കൊലയല്ല പാല്‍ഘറില്‍ നടന്നതെന്നായിരുന്നു അര്‍ണാബ് സംഭവത്തേക്കുറിച്ച് പറഞ്ഞത്.  പാല്‍ഘറില്‍ നടന്ന്  ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഹിന്ദുക്കള്‍ക്ക് പകരം മറ്റാരെങ്കിലും ആയിരുന്നുവെങ്കില്‍ ഇങ്ങനെയാവില്ല എഡിറ്റേഴ്സ് ഗില്‍ഡ്  ഓഫ് ഇന്ത്യ സമീപിച്ചിരിക്കുകയെന്നും അര്‍ണാബ് പറഞ്ഞു. 

ശേഖര്‍ ഗുപ്ത ഇപ്പോള്‍ പാലിക്കുന്ന മൌനം എഡിറ്റേഴ്സ് ഗില്‍ഡ്  ഓഫ് ഇന്ത്യയുടെ ശേഷിക്കുന്ന വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും അര്‍ണാബ് ആരോപിക്കുന്നു. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ഒരു സ്വയം സേവന സ്ഥാപനമായി മാറി. എഡിറ്റോറിയല്‍ പോളിസിയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായ എഡിറ്റേഴ്‌സ് ഗില്‍ഡില്‍ നിന്നും ഞാന്‍ രാജിവെക്കുകയാണ് എന്നും അര്‍ണാബ് ലൈവില്‍ പറഞ്ഞു. ശേഖര്‍ ഗുപ്തയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അര്‍ണാബ് രാജ് പ്രഖ്യാപനത്തില്‍ നടത്തിയിട്ടുള്ളത്. 

മഹാരാഷ്ട്രയിലെ പാൽഘറിനടുത്തുള്ള ഗഡ്ചിഞ്ച്ലെ ഗ്രാമത്തിൽ വെച്ച് ഗ്രാമവാസികളായ 200 ലധികം പേരടങ്ങിയ ജനക്കൂട്ടത്തിന്റെ കല്ലും വടിയും മഴുവും കൊണ്ടുള്ള ആക്രമണത്തിൽ ജൂന അഖാഡ എന്ന പ്രത്യേക വിഭാഗത്തിൽ പെടുന്ന 2 സന്യാസിമാർ ഇവരുടെ ഡ്രൈവര്‍ അടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്.