തിരുവനന്തപുരം: റിപ്പബ്ലിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോ സ്വാമിയുടെ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാട്ട്സ്ആപ്പ് ചാറ്റുകള്‍ സംബന്ധിച്ച് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍.സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് തരൂര്‍ പ്രതികരിച്ചത്. ലീക്കായ വാട്ട്സ്ആപ്പ് ചാറ്റില്‍ മൂന്ന് അപലപനീയമായ കാര്യങ്ങളുണ്ടെന്ന് തരൂര്‍ ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ

ഇപ്പോൾ വിവാദമായിരിക്കുന്ന ലീക്കായ വാട്ട്സപ്പ് ചാറ്റുകൾ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങൾ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങൾക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2)  "രാജ്യസ്നേഹി"യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം "നമ്മൾ വിജയിച്ചു" എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) TRPയുടെ വഞ്ചനാപരമായ കൃത്രിമത്വം.  ഈ വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തുന്നില്ലെങ്കിൽ (ഈ വിഷയത്തിലടങ്ങിയ സങ്കീർണ്ണമായ ചതിയുടെ കഥകൾ കേൾക്കുമ്പോൾ സർക്കാർ ഇതിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും) പിന്നെ ആരാണ് അന്വേഷണം നടത്തുക? ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?

ഇപ്പോൾ വിവാദമായിരിക്കുന്ന ലീക്കായ വാട്ട്സപ്പ് ചാറ്റുകൾ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1)...

Posted by Shashi Tharoor on Sunday, 17 January 2021

ടിആർപി തട്ടിപ്പിൽ റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിയുടേതെന്ന പേരിൽ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ സമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അർണാബും ബാർക് മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയും നടത്തിയെന്ന് പറയുന്ന ചാറ്റാണ് പ്രചരിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് ശേഖരിച്ച തെളിവാണ് പുറത്ത് വന്നതെന്ന് പറയുമ്പോഴും മുംബൈ പൊലീസ് പ്രതികരിച്ചിട്ടില്ല.

പ്രശാന്ത് ഭൂഷണടക്കം പ്രമുഖർ പങ്കുവച്ച 500 ലേറെ പേജുള്ള വാട്സ് ആപ്പ് ചാറ്റ്. ട്വിറ്ററിനെ ഇളക്കിമറിക്കുകയാണ് അർണാബും പാർഥോ ദാസ് ഗുപ്തയും നടത്തിയതെന്ന് പറയപ്പെടുന്ന ഈ ചാറ്റ് വിവരങ്ങൾ. റേറ്റിംഗ് ഏജൻസിയാ ബാർക്കിന്‍റെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവും ആക്കാനായി കഴിഞ്ഞ വർഷം ട്രായ് ചില നി‍ർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. ഇത് തിരിച്ചടിയാകുമെന്നും സഹായിക്കണമെന്നും അർണാബിനോട് ആവശ്യപ്പെടുന്ന ഭാഗമാണ് കൂടുതൽ വിവാദം. 

ബാർക് അർണാബിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്ന് പാർഥോ ദാസ് ഗുപ്ത പറയുന്നു. 

ട്രായുടെ ഇടപെടൽ തടയാൻ പ്രധാനമന്ത്രിയുടെ സഹായം അർണാബും ഉറപ്പ് നൽകുന്നു. രാഷ്ട്രീയമായി തീരുമാനമുണ്ടാക്കാവുന്ന തിരിച്ചടി എ എസ് എന്നൊരാളെ ബോധ്യപ്പെടുത്തണമെന്ന് പാ‌ർഥോ ദാസ് പറയുന്നുണ്ട്. ഇത് അമിത് ഷായെ ഉദ്ദേശിച്ചാണെന്നാണ് ഒരു വാദം. 

ചുരുക്കത്തിൽ ബിജെപിയ്ക്കായി അർണാബും, അർണാബിനായി ബാർകും പ്രവർത്തിച്ചെന്ന് വ്യക്തമായെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം. ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരം ഒഴിവാക്കുന്ന കാര്യം അർണാബിന് നേരത്തെ ചോർന്ന് കിട്ടിയെന്ന സൂചനയും ചാറ്റുകളുണ്ട്. 

മുംബൈ പൊലീസിന്‍റെ അന്വേഷണത്തിനെതിരായ അർണാബിന്‍റെ ഹ‍ർജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിച്ചിരുന്നു. 

ഹർജി ഇനി പരിഗണിക്കുന്ന 29ആം തിയ്യതിവരെ അറസ്റ്റ് ചെയ്യില്ലെന്ന് മുംബൈ പൊലീസും കോടതിയെ അറിയിച്ചു. പിന്നാലെയാണ് ചാറ്റുകൾ പുറത്ത് വന്നതെന്നതും ശ്രദ്ധേയമാണ്. അറസ്റ്റിലായ പാർഥോ ദാസ് ഗുപ്തയ്ക്ക് അർണാബ് വൻ തോതിൽ പണം നൽകിയെന്ന് തെളിവുകൾ സഹിതം പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.