അതിതീവ്ര ചുഴലിക്കാറ്റായ 'അർണബ്' ആന്ധ്രാ-ഒഡിഷ തീരത്തേക്ക് അടുക്കുകയാണ്. കാറ്റ് കരതൊടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കാക്കിനടയിൽ നിന്ന് എൺപത്തി ഒമ്പതിനായിരം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മുൻകരുതലിന്റെ ഭാഗമായി ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കുകയും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുകയും ചെയ്തു.
ബെംഗളൂരു: 'അർണബ്' അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ അതീവ ജാഗ്രതയിൽ ആന്ധ്രാപ്രദേശും ഒഡിഷയും. കാറ്റ് ശക്തി പ്രാപിച്ച് തുടങ്ങിയതോടെ ആന്ധ്രാ തീരത്ത് കടൽ പ്രക്ഷുബ്ധമായി. ഒഡിഷയിൽ മഴ കനത്തു. ആന്ധ്രയിലെ കാക്കിനടയിൽ നിന്ന് എൺപത്തി ഒമ്പതിനായിരം പേരെ ഒഴിപ്പിച്ചു. കാറ്റ് നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുന്നേ കര തൊടുമെന്നാണ് പ്രവചനം.
ആന്ധ്രാപ്രദേശിനെയും ഒഡിഷയെയും ഭീതിയിലാഴ്ത്തി 'അർണബ്' ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുകയാണ്. നിലവിൽ ആന്ധ്രാതീരത്ത് നിന്ന് വെറും 300 കിലോമീറ്റർ മാത്രം അകലെയാണ് അർണബിന്റെ സ്ഥാനം. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലാണ് ഇത് നിലവിൽ തീരത്തേക്ക് നീങ്ങുന്നത്. നാളെ 12 മണിക്ക് മുന്നേ തൊടുമ്പോൾ കാറ്റിന് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെ വേഗത ഉണ്ടാകുമെന്നാണ് പ്രവചനം. കാറ്റ് തീരത്തോട് അടുക്കെ ആന്ധ്രയിൽ കടൽ പ്രക്ഷുബ്ധമായി. അതിശക്തമായ കാറ്റാണ് വിശാഖപട്ടണത്ത് വീശി അടിക്കുന്നത്.
ആന്ധ്രയിൽ യാനത്തിനും കാക്കിനടയ്ക്കും ഇടയിലുള്ള മേഖലയിലാകും അർണബ് കരയിൽ പ്രവേശിക്കുക. കരതൊട്ട് കഴിഞ്ഞാൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത കാറ്റ് കൈവരിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ഇത് മുന്നിൽക്കണ്ട് വലിയ സുരക്ഷാ സന്നാഹങ്ങളൊരുക്കുകയാണ് ആന്ധ്രയും ഒഡിഷയും. കാക്കിനട തീരത്തുനിന്ന് മാത്രം 89,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ആന്ധ്രയിലെ ഹോപ് ഐലൻഡ് പൂർണമായും ഒഴിപ്പിച്ചു. 1400ൽ ഏറെ ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. നാലായിരത്തിലേറെ ഗർഭിണികളെ സുരക്ഷിത താവളങ്ങളിലെത്തിച്ചു. കടലിൽ പോയ മീൻപിടിത്ത ബോട്ടുകളെല്ലാം സുരക്ഷിതമായി തീരത്ത് അടുപ്പിച്ചു. അയൽസംസ്ഥാനമായ ഒഡിഷയും കനത്ത ജാഗ്രതയിലാണ്. ഒഡിഷയിൽ പലയിടത്തും മഴ കനത്തു കഴിഞ്ഞു.
1970ന് ശേഷം 61 ചുഴലിക്കാറ്റുകളാണ് ആന്ധ്ര നേരിട്ടത്. ഇതിൽ 11എണ്ണം അതിതീവ്ര വിഭാഗത്തിൽപ്പെട്ടതായിരുന്നു. ആ അനുഭവസമ്പത്ത് വച്ചാണ് രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ നടപടികൾ സംസ്ഥാനം കൈക്കൊള്ളുന്നത്. ആന്ധ്രയിലും ഒഡിഷയിലും സ്കൂളുകൾക്ക് ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി 53 ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെ അർണബ് ബാധിച്ചേക്കാമെന്ന് എയർ ഇന്ത്യയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.








