ദില്ലി: രാജ്യത്ത് ആദ്യം കൊവിഡ് വാക്‌സിന്‍ നല്‍കുക ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതായി വാര്‍ത്താഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംയുക്ത പാര്‍ട്ടി യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനാണ് ഇക്കാര്യം അറിയിച്ചത്. പൊതു-സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

പിന്നീട് രണ്ട് കോടിയോളം വരുന്ന പൊലീസ് അടക്കമുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ നല്‍കും. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുകയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് പൊലീസ്, സൈനികര്‍, തദ്ദേശ ജീവനക്കാര്‍ എന്നിവര്‍ക്കും വാക്‌സിന്‍ നല്‍കും.

ലോക്‌സഭയിലും രാജ്യസഭയിലും പ്രതിനിധികളുള്ള എല്ലാ പാര്‍ട്ടികളെയും യോഗത്തിന് ക്ഷണിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് യോഗത്തില്‍ പങ്കെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ടിആര്‍എസ്, ശിവസേന തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.