സുരക്ഷാ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് പൊക്കിയെടുത്താണ് അർപിതയെ കാറിൽനിന്ന് പുറത്തിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊൽക്കത്ത: കോടതി നിർദേശത്തെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ അലമുറയിട്ടുകരഞ്ഞ് വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ നടി അർപിത മുഖർജി. എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥർ കൊൽക്കത്തയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു അർപിത പ്രശ്നമുണ്ടാക്കിയത്. കാറിൽനിന്നു പുറത്തിറങ്ങാതെ വാശിപിടിച്ച നടി, നിലവിളിക്കുകയും പ്രതിഷേധിക്കുകയും താൻ വരുന്നില്ലെന്നു പറയുകയും ചെയ്തു. പിന്നീട്, സുരക്ഷാ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് പൊക്കിയെടുത്താണ് അർപിതയെ കാറിൽനിന്ന് പുറത്തിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കാര്യങ്ങൾ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും നടി ചെവിക്കൊണ്ടില്ല. വീൽചെയറിൽ ബലമായി പിടിച്ചിരുത്തിയാണു ഇവരെ കൊണ്ടുപോയത്. കൊണ്ടുപോകുമ്പോഴും ഇവർ നിലവിളിച്ചു. പുറത്തിറക്കിയപ്പോൾ നിലത്തിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബംഗാൾ വിദ്യാഭ്യാസ വകുപ്പിലെ തൊഴിൽ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ മന്ത്രി പാർഥ ചാറ്റർജിയുടെ സുഹൃത്തും അനുയായിയുമാണ് നടിയായ അർപിത മുഖർജി. കേസിൽ അർപ്പിതയും ഇഡി കസ്റ്റഡിയിലാണ്.

48 മണിക്കൂർ കൂടുമ്പോൾ അർപിതയുടെ ആരോഗ്യനില പരിശോധിക്കണമെന്നാണ് കോടതി നിർദേശിച്ചത്. ജയിലിലെത്തിയല്ല, ആശുപത്രിയിലെത്തി പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. തന്റെ താമസ സ്ഥലത്തുനിന്ന് ഇഡി കണ്ടെടുത്ത പണം പാർഥ ചാറ്റർജിയുടേതാണെന്ന് അർപിത സമ്മതിച്ചതായാണ് റിപ്പോർട്ട്. 50 കോടിയോളം രൂപയും കിലോക്കണക്കിനു സ്വർണവുമാണ് റെയ്ഡിൽ പിടിച്ചെടുത്തത്. കേസിൽ പാർഥ ചാറ്റർജിയെയും ഇഡി അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കി. 

പണം സൂക്ഷിച്ച മുറികളിൽ പാർത്ഥ ചാറ്റർജിയും അദ്ദേഹത്തിന്‍റെ ആളുകളും മാത്രമാണ് പ്രവേശിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ അർപ്പിത പറഞ്ഞതായി ഇഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആഴ്ചയിലൊരിക്കലോ പത്ത് ദിവസം കൂടുമ്പോഴോ മന്ത്രി തന്‍റെ വീട്ടിൽ വരുമായിരുന്നു. തന്‍റെ വീടും മറ്റൊരു സ്ത്രീയെയും മിനി ബാങ്ക് ആയാണ് പാർത്ഥ ചാറ്റർജി ഉപയോ​ഗിച്ചത്. ആ സ്ത്രീയും പാർത്ഥ ചാറ്റർജിയുടെ സുഹൃത്താണെന്ന് അർപ്പിത മുഖർജി അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മൊഴി നൽകി.

Scroll to load tweet…