ഒരു തെളിവും ഇല്ലാതെയാണ് ഭീമാ കൊറേഗാവ് അക്രമത്തിന്‍റെ പേരിലുള്ള എഫ്ഐആറെന്ന്  ഗൗതം നവ്ലഖയുടെ   അഭിഭാഷകൻ മനു അഭിഷേക് സിംഗ് വി വാദിച്ചു. 

ദില്ലി: ഭീമാ കൊറേഗാവ് കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ ഗൗതം നവ്ലഖ നൽകിയ ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി. ഗൗതം നവ്ലഖക്ക് അറസ്റ്റിൽ നിന്നുള്ള സംരക്ഷണം സുപ്രീംകോടതി നാല് ആഴ്ചത്തേക്ക് കൂടി നീട്ടി. ഈ കാലയളവിൽ നവ്ലഖക്ക് വിചാരണ കോടതിയിൽ മുൻകൂര്‍ ജാമ്യത്തിനായി ശ്രമിക്കാമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതി വ്യക്തമാക്കി. 

ഒരു തെളിവും ഇല്ലാതെയാണ് ഭീമാ കൊറേഗാവ് അക്രമത്തിന്‍റെ പേരിലുള്ള എഫ്ഐആറെന്ന് ഗൗതം നവ്ലഖയുടെ അഭിഭാഷകൻ മനു അഭിഷേക് സിംഗ് വി വാദിച്ചു. അന്വേഷണം പോലും നടക്കാത്ത കേസിൽ ഒരു തെളിവും ഇല്ല എന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

ഭീമാ കൊറേഗാവ് കേസ് കേൾക്കുന്നതിൽ നിന്ന് അഞ്ചാമത്തെ ജ‍ഡ്‍ജിയും നേരത്തെ പിന്മാറിയിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയവരില്‍ ഉള്‍പ്പെടുന്നു. 

എന്താണ് ഭീമാ കൊറേഗാവ് കേസ്?

പൂണെയിലെ ഭീമാ കൊറേഗാവില്‍ മറാഠാപേഷ്വാമാരോട് ഏറ്റുമുട്ടി ദളിതര്‍ നേടിയ വിജയത്തിന്‍റെ 200ാം വാര്‍ഷികം 2018 ജനുവരി ഒന്നിന് ആഘോഷിച്ചിരുന്നു. ഇതിനിടെ ഹിന്ദുത്വ അനുകൂല മറാഠാ സംഘടനകളും ദളിത് വിഭാഗക്കാരും തമ്മില്‍ ഏറ്റുമുട്ടി. അത് കലാപത്തിലേക്കും വഴിവച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇവിടെ ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പരിഷത്ത് പരിപാടിയില്‍ മാവോവാദി സാന്നിധ്യം ഉണ്ടായിരുന്നെന്നാണ് പൊലീസിന്‍റെ ആരോപണം. ഈ പശ്ചാത്തലത്തിലാണ്, ഭീമാ കൊറേഗാവില്‍ കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയ മാവോവാദികളുമായി ബന്ധമുണ്ടെന്നാരോപിച്ച് 2018 ഓഗസ്റ്റില്‍ ഗൗതം നവ്ലഖയടക്കമുള്ള സാമൂഹ്യപ്രവര്‍ത്തകരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ അര്‍ബന്‍ നക്സലുകള്‍ എന്നാണ് പൊലീസും മഹാരാഷ്ട്ര സര്‍ക്കാരും വിശേഷിപ്പിച്ചത്.